സംസ്ഥാനത്ത് ലഹരിക്കടത്ത് തടയാന്‍ സംയുക്ത പരിശോധന ശക്തിപ്പെടുത്തുന്നു

Update: 2022-06-28 00:50 GMT

തിരുവനനതുപരം: ലഹരിക്കടത്ത് തടയാന്‍ വിവിധ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകളും റെയ്ഡുകളും ശക്തിപ്പെടുത്തിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിയമസഭയില്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമുള്ള മയക്കുമരുന്ന് വരവ് തടയാന്‍ റെയില്‍വേ പൊലിസുമായി ചേര്‍ന്ന് ട്രെയിനുകളിലും, കോസ്റ്റ്ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ് എന്നിവരുമായി ചേര്‍ന്ന് കടലിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കസ്റ്റംസുമായി ചേര്‍ന്നും പരിശോധന നടത്തിവരുന്നതായി മന്ത്രി അറിയിച്ചു. എം എല്‍ എ മാരായ എം മുകേഷ്, ഡി കെ മുരളി, കാനത്തില്‍ ജമീല, എം എസ് അരുണ്‍ കുമാര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കായിരുന്നു മന്ത്രിയുടെ മറുപടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും, മദ്യമയക്കുമരുന്ന് വില്‍പ്പന നടക്കുന്നെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശത്തും പൊലീസുമായി ചേര്‍ന്ന് പരിശോധന നടത്തുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും തടയാന്‍ മുന്‍കരുതല്‍ പരിശോധനയും രഹസ്യ നിരീക്ഷണവും നടത്തിവരുന്നു. വനാതിര്‍ത്തികളില്‍ വനം റവന്യൂ പൊലീസ് വകുപ്പുകളുമായി ചേര്‍ന്നും സംയുക്ത പരിശോധന നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ഫലപ്രദമായ പ്രവര്‍ത്തനം നടത്തിവരുന്നു. വാര്‍ഡ് അടിസ്ഥാനത്തില്‍ വിമുക്തി കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. കോളേജിലും സ്‌കൂളിലും ലഹരിവിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂളുകളില്‍ ഉണര്‍വ്വ്, കോളേജുകളില്‍ നേര്‍ക്കൂട്ടം, ഹോസ്റ്റലുകളില്‍ ശ്രദ്ധ എന്ന പേരില്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സാങ്കേതിക സര്‍വ്വകലാശാലയിലെ കോളേജുകളില്‍ ഉള്‍പ്പെടെ നേര്‍ക്കൂട്ടവും ശ്രദ്ധയും രൂപീകരിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്.

ഇതിന് പുറമേ സ്‌കൂളിലും കോളേജിലും കൗണ്‍സിലിംഗും ലഭ്യമാക്കുന്നുണ്ട്. സൈക്കോളജി, സോഷ്യോളജി യോഗ്യതയുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി നിംഹാന്‍സ് മുഖേന പരിശീലനം നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ലഹരിക്ക് അടിമയായവര്‍ക്ക് ചികിത്സ നല്‍കാന്‍ 14 ജില്ലകളിലും ഡി അഡിക്ഷന്‍ സെന്ററുകളും, തിരുവനന്തപുരം ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഡീ അഡിക്ഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ കൗണ്‍സിലിംഗ് സെന്ററുകള്‍ മുഖേന കൗണ്‍സിലിംഗ് നല്‍കിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 

Tags:    

Similar News