പി സി അബ്ദുല്ല
പാലായില്‍ ജോസ് കെ മാണിയെ ജനം തോല്‍പ്പിച്ചാല്‍ ജനത്തെ ജോസ് കെ മാണി തോല്‍പ്പിക്കും. ജോസ് മോന് സൗഭാഗ്യങ്ങള്‍ കനിഞ്ഞ് സിപിഎം ഹല്ലേലുയാ പാടും. യുഡിഎഫില്‍ നിന്ന് ലോക്‌സഭാംഗമായ ജോസ് മോന്‍ അതിന്റെ കാലാവധി തീരും മുമ്പ് രാജിവച്ച് രാജ്യസഭാംഗമായി.
ആ കാലാവധി തീരും മുമ്പ് വലതു മുന്നണി മാറി ഇടതു മുന്നണിയില്‍ ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഉള്‍വിളിയുണ്ടായപ്പോല്‍ ജോസ് മോന്‍ രാജ്യസഭാ മെമ്പര്‍ സ്ഥാനം രാജിവച്ച് നിയമസഭയിലേക്കു മല്‍സരിച്ചു. കേരളാ കോന്‍ഗ്രസിന്റെ പാലാ വാഗ്ദത്ത ഭൂമിയില്‍ പക്ഷേ, ജനം ജോസ് മോനെ എട്ടു നിലയില്‍ തോല്‍പ്പിച്ചു കളഞ്ഞു.
നോട്ടടി യന്ത്രം പോലും സ്വന്തമായുണ്ടെന്ന് സിപിഎം, സിപിഐ പാണന്‍മാര്‍തന്നെ നാടാകെ പാടി നടന്ന കരിങ്ങോഴക്കല്‍ വീട്ടിലെ നിയുക്ത ധനകാര്യ മന്ത്രിയെത്തന്നെയാണ് പാലായിലെ കണ്ണില്‍ ചോരയില്ലാത്ത ജനം പരാജയപ്പെടുത്തിക്കളഞ്ഞത്.
പാലായില്‍ തോറ്റതു വഴി കേരളത്തിന്റെ ധനമന്ത്രിയാകാതെ പോയ ജോസ് മോനെയും പരിശുദ്ധ പാലാ പിതാവിനെയുമൊക്കെ സാന്ത്വനിപ്പിക്കാന്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്റെ താക്കോല്‍, ഐഎന്‍എല്‍ പ്രസിഡന്റില്‍ നിന്ന് പിടിച്ചുവാങ്ങി പിണറായി കരിങ്ങോഴക്കല്‍ തറവാട്ടില്‍ കൊണ്ടു പോയി കാണിക്കവയ്ക്കുകയും ചെയ്തു.
സിപിഐയില്‍ നിന്നും നാഷനല്‍ ലീഗില്‍ നിന്നും ജെഡിഎസ്സില്‍ നിന്നുമൊക്കെ അനുവാദത്തിനു കാത്തു നില്‍ക്കാതെ എടുത്തുമാറ്റിയ ഏഴു വെള്ളാന കോര്‍പറേഷനുകളുടെ താക്കോലും സിപിഎം ജോസ് മോന് നല്‍കി അത്യുദാരത കാണിച്ചു. ജോസ് മോന്റെ സൗഭാഗ്യങ്ങള്‍ അവസാനിക്കുന്നില്ലെന്നാണു കേള്‍വി. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനവും കോശി കമ്മീഷന്റെ ഉദാരമായ ആനുകൂല്യങ്ങളും ജോസ് മോനെ കാത്തിരിക്കുന്നുവെന്നാണ് സൂചനകള്‍.
ലോക്‌സഭാംഗത്വം രാജിവച്ച് നിയമസഭയിലേക്കു മല്‍സരിക്കാന്‍ കുഞ്ഞാലിക്കുട്ടി കേരളത്തില്‍ മടങ്ങിയെത്തിയതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറോ മലബാര്‍ സഭയുടെ ഉറക്കം കെടുത്തിയ പ്രധാന സംഗതി. അഞ്ചു വര്‍ഷത്തിനിടെ നാലു തവണ സത്യപ്രതിജ്ഞ ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിക്ക് ജനാധിപത്യം കല്‍പിച്ചു നല്‍കിയ അവകാശത്തെ മഹാഅപരാധമായി പാടി നടന്ന മാര്‍ക്‌സിസ്റ്റുകാരും സംഘി, കൃസംഘി കൂട്ടുകൃഷിക്കാരും ജോസ് മോന്‍ ജനാധിപത്യത്തില്‍ അനുഭവിക്കുന്ന സൗഭാഗ്യങ്ങളില്‍ അഭിരഭിക്കുന്നു. ഹല്ലേലുയാ.. ലാല്‍സലാം..!