മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: കോടതിയില്‍ ഹാജരാകാതെ ശ്രീറാം വെങ്കിട്ടരാമന്‍; ഒക്ടോബര്‍ 12ന് ഹാജരാകാന്‍ അന്ത്യശാസനം

Update: 2020-09-18 15:04 GMT

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ എം ബഷീറിനെ വാഹനമിടിച്ച്് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരാകാതെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍. മൂന്ന് തവണ നോട്ടിസ് നല്‍കിയിട്ടും ഹാജരാകാത്ത ശ്രീറാം വെങ്കിട്ടരാമന്‍ അടുത്ത മാസം 12ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) അന്ത്യശാസനം നല്‍കി. അതേസമയം രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. അമ്പതിനായിരം രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്മേലും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്മേലുമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവരോടും ഇന്നലെ ഹാജരാകാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു എന്നാല്‍ വഫ മാത്രമാണ് കോടതിയില്‍ ഹാജരായത്. തിരികെ ജോലിയില്‍ പ്രവേശിച്ച ശ്രീറാം വെങ്കിട്ടരാമന്‍ വിവിധ കാരണങ്ങള്‍ പറഞ്ഞാണ് കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതെ മാറിനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതി ശ്രീറാം അടുത്തമാസം 12 ഹാജരാകണമെന്ന് അന്ത്യശാസനം നല്‍കിയത്.

കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കോടതി ഫെബ്രുവരി 24ന് നല്‍കിയിരുന്നു. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കായുള്ള ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം 2020 ഫെബ്രുവരി മാസം മൂന്നിന് കോടതി അംഗീകരിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി പ്രത്യേക അന്വേഷണ സംഘത്തോടാണ് ഉത്തരവിട്ടത്. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധന റിപോര്‍ട്ട്, ഫോറന്‍സിക് റിപോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (2) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നില നില്‍ക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷന്‍സ് കുറ്റമാണ്. സെഷന്‍സ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (2) നിലനില്‍ക്കുന്നതിനാല്‍ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷന്‍സ് കോടതിക്കയക്കും മുമ്പ് പ്രതികള്‍ കോടതിയില്‍ ഹാജരായി മുന്‍ ജാമ്യബോണ്ട് പുതുക്കി ജാമ്യം നില നിര്‍ത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് കോടതി പ്രതികളെ വിളിച്ചു വരുത്തുന്നത്.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. മദ്യപിച്ച് വാഹനമോടിക്കാന്‍ പാടില്ലായെന്ന നിയമം അറിയാമെന്നിരിക്കെ ശ്രീറാം മദ്യലഹരിയില്‍ രണ്ടാം പ്രതിയായ വഫയുടെ കെഎല്‍ 01-ബി എം 360 നമ്പര്‍ വോക്സ് വാഗണ്‍ കാര്‍ അമിത വേഗതയിലോടിച്ചാണ് ബഷീറിന്റെ ബൈക്കിലേക്ക് ഇടിച്ചു കയറ്റിയത്. ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാനും അപകടകരമായ രീതിയിലും അമിത വേഗതയിലും വാഹനമോടിക്കാന്‍ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തതിനാണ് വഫക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇതേ റോഡിലൂടെ അമിതവേഗതയില്‍ കാറോടിച്ചതിന് വഫക്ക് മൂന്നു തവണ പിഴ ചുമത്തിയതായും കുറ്റപത്രത്തിലുണ്ട്.

കാറിടിപ്പിച്ച് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഐഎഎസ് ലഭിക്കും മുമ്പ് എംബിബിഎസ് പാസ്സായിട്ടുള്ള ഡോക്ടര്‍ ശ്രീറാം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആദ്യം ജനറല്‍ അശുപത്രിയില്‍ നിന്ന് പിന്നീട് കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. രക്തത്തില്‍ മദ്യത്തിന്റെ അളവ് കുറയുന്നത് വരെ രക്തസാമ്പിള്‍ പരിശോധനക്ക് രക്തമെടുക്കാന്‍ സമ്മതിക്കാതെ മണിക്കൂറുകള്‍ തള്ളി നീക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304(2), 201 വകുപ്പുകളും മോട്ടോര്‍ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ശ്രീറാമിനും വഫക്കുമെതിരെ ചുമത്തിയിരിക്കുന്നത്. മദ്യപിച്ച് അമിത വേഗതയിലും അപകടകരമായും റോഡിലൂടെ വാഹനമോടിച്ചാല്‍ വാഹനമിടിച്ച് വഴിയാത്രക്കാര്‍ക്ക് മരണം സംഭവിക്കുമെന്നും പൊതുമുതലിന് നാശനഷ്ടമുണ്ടാകുമെന്ന് അറിവും ബോധ്യവുമുള്ള ഐഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചത് എന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. അപകടകരമായി ഡ്രൈവ് ചെയ്ത് വരുത്തിയ മനപ്പൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാണ് ഇത്. വഫ തുടര്‍ച്ചയായി അലക്ഷ്യമായി വാഹനമോടിച്ച് പിടിക്കപ്പെട്ടിട്ടുള്ളതിനാല്‍ രണ്ടു വര്‍ഷം വരെ ശിക്ഷ ലഭിക്കാം. 5

0 കിലോമീറ്റര്‍ മാത്രം വേഗപരിധിയുള്ള വെള്ളയമ്പലം മ്യൂസിയം റോഡില്‍ 100 കിലോമീറ്ററിലേറെ വേഗതയില്‍ അലക്ഷ്യമായും അപകടകരമായും സഞ്ചരിച്ചിരുന്നതെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Tags:    

Similar News