കൊച്ചി: കേരള ഹൈക്കോടതിയുടെ വിധിന്യായങ്ങള്‍ ഇനി മലയാളത്തിലും ലഭ്യമാവും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ രണ്ട് വിധികള്‍ മലയാളത്തില്‍ ഇറങ്ങി. രാജ്യത്ത് ആദ്യമായാണ് ഒരു ഹൈക്കോടതി പ്രാദേശിക ഭാഷയില്‍ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നത്. ഇംഗ്ലീഷിലുള്ള വിധിന്യായങ്ങള്‍ക്കൊപ്പം ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇവ പ്രസിദ്ധീകരിച്ചത്.
വാഹനം വാങ്ങുന്നതിന് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസും കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ തടയണയുമായി ബന്ധപ്പെട്ട കേസിലുമാണ് മലയാളത്തിലുള്ള വിധിന്യായങ്ങള്‍ പ്രസിദ്ധീകരിച്ചത്. സുവാസ് എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഇംഗ്ലീഷിലുള്ള ഉത്തരവുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. ഇങ്ങനെ പരിഭാഷപ്പെടുത്തുന്ന കോപ്പി വീണ്ടും പരിശോധിച്ച് പിഴവുകളില്ലെന്ന് ഉറപ്പാക്കി ഹൈക്കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് കോടതിയിലെ സാങ്കേതിക സമിതിയുടെ തീരുമാനം.