ഇഡിയ്‌ക്കെതിരായ ജുഡിഷ്യല്‍ അന്വേഷണത്തിന് സ്റ്റേ; സര്‍ക്കാരിന്റെ നിയമവിരുദ്ധ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ്

Update: 2021-08-11 12:44 GMT

തിരുവനന്തപുരം: ഇഡിയ്‌ക്കെതിരായ ജുഡിഷ്വല്‍ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിന്റേത് നിയമവിരുദ്ധ നീക്കമായിരുന്നു. കേന്ദ്ര ഏജന്‍സികളെ പൂര്‍ണമായി അംഗീകരിക്കാനാവില്ല. എന്നാല്‍, സ്വര്‍ണക്കടത്തിലും കൊടകര കള്ളപ്പണക്കവര്‍ച്ചയിലും ബിജെപിയുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്.

എല്ലാ അന്വേഷണങ്ങളിലും കേന്ദ്ര-സംസ്ഥാന കൂട്ട് കെട്ടുണ്ട്. ഏപ്രില്‍ മൂന്നിന് നടന്ന കൊടകര കള്ളപ്പണക്കവര്‍ച്ച കേസിലെ ബിജെപി നേതാക്കളുടെ ബന്ധം തുടക്കം മുതല്‍ പോലിസിന് അറിയാമായിരുന്നു. എന്നാല്‍, മൂന്ന് മാസം കഴിഞ്ഞാണ് സുരേന്ദ്രനെ പോലിസ് ചോദ്യം ചെയ്യുന്നത്. ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമാന്തര അന്വേഷണം സ്വര്‍ണക്കടത്ത് അന്വേഷണത്തെ താളം തെറ്റിക്കുമെന്നും പ്രതികള്‍ക്ക് സഹായകമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ഹൈക്കോടതി തടഞ്ഞത്. സ്വര്‍ണക്കടത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

എന്നാല്‍, കമ്മീഷന്‍ അന്വേഷണം നിയമപരമായി നിലനില്‍ക്കില്ലെന്നും മുഖ്യമന്ത്രി അധികാരം ദുരൂപയോഗം ചെയ്താണ് സമാന്തര അന്വേഷണം പ്ര്യഖ്യാപിച്ചതെന്നും ചൂണ്ടികാട്ടി ഇഡി ജോ. ഡയറക്ടര്‍ പി രാധാകൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇഡി ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു.

Tags:    

Similar News