ബിഎസ്എഫിന്റെ അധികാരപരിധി; പഞ്ചാബില്‍ വ്യാപകപ്രതിഷേധം; സര്‍വകക്ഷിയോഗം തുടങ്ങി
ഛണ്ഡീഗഢ്: ബിഎസ്എഫിന്റെ അധികാര പരിധി വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ വ്യാപക പ്രതിഷേധം. കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ബിജെപി ഒഴികെയുള്ള ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
യോഗത്തിന്റെ ഭാഗമായി പഞ്ചാബ് ഭവനില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ എത്തിച്ചേര്‍ന്നു.
മുഖ്യപ്രതിപക്ഷമായ ആംആദ്മി പാര്‍ട്ടിയുടെ ഭഗ്‌വത് മന്നയും അമന്‍ അറോറയും അകാലിദളിന്റെ ദല്‍ജിത് ഛീമയും ഛന്‍ഡുമജ്രയും പങ്കെടുക്കുന്നുണ്ട്.
പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് രണ്ഡാവയും ധനമന്ത്രി മന്‍പ്രീത് സിങ് ബാദലും യോഗത്തില്‍ പങ്കെടുക്കും.
ബിജെപി നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചു. ബിഎസ്എഫും സംസ്ഥാന പോലിസും തമ്മില്‍ സംഘര്‍ഷമില്ലെന്നാണ് ബിജെപിയുടെ നിലപാട്.
ബിഎസ്എഫ് സംസ്ഥാനത്തിനു കേന്ദ്രത്തിനും ഒരു പോലെ അധികാരമുള്ളതാണെന്നും ബിഎസ്എഫിനും പഞ്ചാബ് പോലിസിനും ഒരുപോലെ പരിശോധനകള്‍ നടത്തി കേസ് രജിസ്റ്റര്‍ ചെയ്യാനാവുമെന്നും ബിജെപി നേതാക്കള്‍ വാദിക്കുന്നു.
ബിഎസ്എഫ് അധികാര പരിധി വര്‍ധിപ്പിച്ചു മാത്രമേ അനധികൃത ആയുധവ്യാപാരം അവസാനിപ്പിക്കാനാവൂ എന്നും ബിജെപി നേതാവ് മനോരഞ്ജന്‍ കാലിയ പറയുന്നു.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിഎസ്എഫ് അധികാര പരിധി കേന്ദ്ര സര്‍ക്കാര്‍ 50 കിലോമീറ്ററാണ് വര്‍ധിപ്പിച്ചത്.
പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും കള്ളക്കടത്ത് റാക്കറ്റുകളെ നിയന്ത്രിക്കുന്നതിനുമാണ് പുതിയ നടപടി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.