ന്യൂഡല്‍ഹി: രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ഒപ്പുവച്ചത്. അടുത്ത മാസം 9ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യുയു ലളിതാണ് ചന്ദ്രചൂഡിനെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്തത്. സുപ്രിംകോടതിയുടെ 49ാമത് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് യു യു ലളിത് നവംബര്‍ എട്ടിനാണ് വിരമിക്കുന്നത്.
പുരോഗമനപക്ഷത്തുള്ളവര്‍ ഏറ്റവും പ്രത്യാശയോടെ കാണുന്ന ചന്ദ്രചൂഢിന് അവര്‍ പ്രതീക്ഷിക്കുന്നതുപോലെ പെരുമാറാനാവുമോയെന്ന് കണ്ടുതന്നെയറിയണം. അത്രമാത്രം സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് നീതിന്യായസംവിധാനം കടന്നുപോകുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ ഒരു നിയമവ്യവഹാരത്തില്‍ ഹിന്ദുത്വയോട് ചേര്‍ന്ന് നിന്നാണ് ചന്ദ്രചൂഢ് വിധിന്യായം പുറപ്പെടുവിച്ചത്. ചില വിയോജിപ്പുകള്‍ പറഞ്ഞിരുന്നെങ്കിലും അന്തിമവിധിയില്‍ അതായിരുന്നു നടന്നത്. ബാബരി മസ്ജിദ് കേസിനെക്കുറിച്ചുതന്നെയാണ് പറഞ്ഞുവരുന്നത്. അതേസമയം ട്രാന്‍സ്‌ജെന്റര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഗൗരമായ ഇടപെടല്‍ നടത്താനും ചന്ദ്രചൂഢ് ശ്രമിച്ചിട്ടുണ്ടെന്നും കാണാതിരുന്നുകൂടാ.
കേന്ദ്രവും ബിജെപി നേതൃത്വവും നടത്തുന്ന ഇടപെടല്‍ എത്രത്തോളം ശക്തമാണെന്ന് 2014നുശേഷമുള്ള ഇന്ത്യയുടെ ചരിത്രം സാക്ഷ്യംവഹിക്കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന് വിരമിച്ച ജഡ്ജിയുടെ മകനാണ് ചന്ദ്രചൂഢ്. ആ പൈതൃകം അദ്ദേഹത്തിന് തുണയാവുമോയെന്ന് കണ്ടുതന്നെയറിയണം.
2016 മെയ് 13നാണ് സുപ്രിംകോടതിയിലെത്തിയത്. 2024 നവംബര്‍ 10ന് അദ്ദേഹം വിരമിക്കും. നേരത്തെ അലഹബാദ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നു. 2013 ഒക്ടോബര്‍ 312016 മെയ് 12 കാലത്തായിരുന്നു അലഹബാദ് ഹൈക്കോടതിയില്‍ സേവനമനുഷ്ഠിച്ചത്. അതിനുമുമ്പ് ബോംബെ ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചു, 2000 മുതല്‍ 2013 കാലത്ത്. 1998 2000 കാലത്ത് ബോംബെ ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. 19982000 കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഡി. സോളിസിറ്ററായും സേനവമനുഷ്ഠിച്ചു.
നിരവധി സുപ്രധാന കേസുകളില്‍ ചന്ദ്രചൂഢ് വിധിപറഞ്ഞിട്ടുണ്ട്. പല പ്രധാന കേസുകളിലും അദ്ദേഹം വിയോജനക്കുറിപ്പെഴുതി. ജസ്റ്റിസ് കെ എസ് പുട്ടസ്വാമി കേസിലെ വിധിയില്‍ ആധാര്‍ ഭരണഘടനാവിരുദ്ധമാണെന്ന നിലപാടെടുത്ത ഏക ജഡ്ജിയായിരുന്നു ചന്ദ്രചൂഢ്. ആധാര്‍ വ്യക്തിയുടെ സ്വകാര്യതയെയും അന്തസ്സിനെയും ഹനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞുവച്ചു. നവതേജ് ജോഹര്‍ കേസില്‍ സ്വവര്‍ഗ വിവാഹത്തിനനുകൂലമായി നിലപാടെടുക്കുകയും സ്വവര്‍ഗബന്ധങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ നിയമം കൊളോണിയല്‍ നിയമത്തിന്റെ അവശിഷ്ടമാണെന്ന് വിധിയില്‍ എഴുതുകയും ചെയ്തു. സ്വവര്‍ഗബന്ധത്തെ കുറ്റകൃത്യമാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഹാദിയ കേസില്‍ ഹാദിയയുടെ മതംമാറാനുള്ള തീരുമാനം അവരുടെ തിരഞ്ഞെടുപ്പിന്റെ പ്രശ്‌നമാണെന്നും വിധിയെഴുതി. പ്രായപൂര്‍ത്തിയായ ഒരാളെ സംബന്ധിച്ചിടത്തോളം വിവാഹവും മതവുമൊക്കെ അവരുടെ തിരഞ്ഞെടുപ്പാണെന്നും ചന്ദ്രചൂഢ് നിലപാടെടുത്തു. ശബരിമല കേസില്‍ സ്ത്രീപ്രവേശം വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഭീമകൊറോഗാവ് കേസില്‍ 5 പ്രമുഖരെ അറസ്റ്റ് ചെയ്തതിനെതിരേ റൊമിലാ താപ്പര്‍ നല്‍കിയ ഹരജിയില്‍ അദ്ദേഹം ശക്തമായ നിലപാടെടുത്തു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 21 ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണോ അറസ്റ്റ് എന്ന് പരിശോധിക്കണമെന്നും അത് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഡല്‍ഹി ലഫ്റ്റ്‌നെന്റ് ഗവര്‍ണറുടെ അധികാരവുമായി ബന്ധപ്പെട്ട കേസില്‍ ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും കീഴില്‍ പ്രവര്‍ത്തിക്കണമെന്ന് വിധിയെഴുതി. ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ക്ക് സ്വതന്ത്രപദവിയില്ലെന്നും അദ്ദേഹം വിധിച്ചു. ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹരജി അദ്ദേഹം അനുവദിച്ചില്ല. മകന്റെ കക്ഷിക്ക് സൗകര്യം ചെയ്തുകൊടുത്തുവെന്ന ആരോപണവും അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്നു. ബോംബെ ഹൈക്കോടതിയിലാണ് അദ്ദേഹത്തിന്റെ മകന്‍ പ്രാക്റ്റീസ് ചെയ്യുന്നത്. അയോധ്യവിധിയെഴുതിയതിലും ജസ്റ്റിസ് ചന്ദ്രചൂഢിന് പങ്കുണ്ട്. അയോധ്യവിധി വളരെയേറെ വിമര്‍ശിക്കപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ ഓര്‍ക്കാം. ഹാര്‍വാഡ് സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല സെന്റ് സ്റ്റീഫന്‍ കോളജ് തുടങ്ങിയവിടയങ്ങളിലായിരുന്നു വിദ്യാഭ്യാസം-ഇതൊക്കെ അദ്ദേഹത്തിന് തുണയാവുമോയെന്ന് കാലം തെളിയിക്കും.