നഷ്ടമില്ലാതെ അധിനിവേശം നടത്താന്‍ കഴിയുമെന്ന മിഥ്യാധാരണ ഇസ്രായേല്‍ ഉപേക്ഷിക്കണം: യുഎസ്
വാഷിങ്ടണ്‍: നഷ്ടം വരാതെ അധിനിവേശം നടത്താന്‍ കഴിയുമെന്ന മിഥ്യാധാരണ ഇസ്രായേല്‍ ഉപേക്ഷിക്കണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍. കഴിഞ്ഞ പതിറ്റാണ്ടിനേക്കാള്‍ വേഗത്തിലാണ് ഇസ്രായേല്‍ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്നത്. അക്രമാസക്തരായ ജൂതകുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ എല്ലാ പരിധികളും ലംഘിച്ചെന്നും അറ്റ്‌ലാന്റിക് കൗണ്‍സില്‍ യോഗത്തില്‍ ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഫലസ്തീനികളുമായി എന്തുതരം ബന്ധമാണ് വേണ്ടതെന്ന് ഇസ്രായേല്‍ തീരുമാനിക്കണം. യാതൊരു ദേശീയ അവകാശങ്ങളുമില്ലാതെ ഫലസ്തീനികള്‍ ജീവിക്കുമെന്ന് ഇസ്രായേല്‍ തെറ്റിധരിക്കരുതെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
അധിനിവേശാനന്തര ഗസയില്‍ ബാങ്കിങ്, ജലവിതരണം, ഊര്‍ജം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളില്‍ അന്താരാഷ്ട്രസഹകരണം ഉറപ്പുവരുത്താന്‍ ഫലസ്തീന്‍ അതോറിറ്റി ശ്രമിക്കണമെന്നും ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. ഗസയിലെ ഇടക്കാല സര്‍ക്കാരിന് അന്താരാഷ്ട്ര സമൂഹം സഹായം നല്‍കണം. ഗസയില്‍ നിന്നുള്ളവരും ഫലസ്തീന്‍ അതോറിറ്റി പ്രതിനിധികളും ഇടക്കാല സര്‍ക്കാരിലുണ്ടാവണം. യുഎസിന്റെ സഖ്യകക്ഷികളുടെ സൈനികരെ ഉള്‍പ്പെടുത്തിയ സുരക്ഷാ സംവിധാനം ഗസയില്‍ രൂപീകരിക്കണം. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഫലസ്തീനികളെയും അതിന്റെ ഭാഗമാക്കണം.
സുരക്ഷാസൈനികരെ നല്‍കാമെന്ന് പശ്ചിമേഷ്യയിലെ യുഎസിന്റെ ചിലകക്ഷികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗസയേയും വെസ്റ്റ്ബാങ്കിനെയും ഉള്‍പ്പെടുത്തി ഒരു സ്വതന്ത്രഫലസ്തീന്‍ രാജ്യം വേണമെന്നാണ് അവരുടെ ആവശ്യം. ഈ ആവശ്യം ഇസ്രായേലിനെ കൊണ്ട് സമ്മതിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഗസയില്‍ ഫലസ്തീന്‍ അതോറിറ്റി സൈന്യത്തെ വിന്യസിക്കുകയാണെങ്കില്‍ അവര്‍ക്ക് പരിശീലനം നല്‍കാന്‍ യുഎസ് തയ്യാറാണ്. ഇതെല്ലാം ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയുടെ പ്രമേയപ്രകാരമായിരിക്കണം നടക്കേണ്ടത്. സൈനികനടപടികളിലൂടെ ഹമാസിനെ ഇല്ലാതാക്കാനാവില്ലെന്നാണ് യുഎസിന്റെ കാഴ്ച്ചപാടെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രായേല്‍ കൊലപ്പെടുത്തിയ അത്രയും പേര്‍ ഹമാസില്‍ പുതുതായി ചേര്‍ന്നു എന്നാണ് യുഎസ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.