സര്‍ക്കാര്‍ ഓഫീസില്‍ അമ്മക്ക് പകരം ജോലിയെടുത്ത മകന്‍ അറസ്റ്റില്‍

Update: 2025-01-15 04:36 GMT

ബംഗളൂരു: ബംഗളൂരു മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ജീവനക്കാരിയായ അമ്മക്ക് പകരം ജോലിയെടുത്ത മകന്‍ അറസ്റ്റില്‍. ബിബിഎംപി ഓഫീസിലെ സെക്കന്‍ഡ് ഡിവിഷന്‍ അസിസ്റ്റന്റ് ആയ കെ കവിതയുടെ മകന്‍ കെ നവീനെയാണ്(35) ലോകായുക്ത പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റകൃത്യം ചെയ്യാന്‍ പ്രതിക്ക് സൗകര്യമൊരുക്കിയതിന് കവിതക്കും ഓഫിസ് മേധാവിയായ സുജാതക്കുമെതിരേ പോലിസ് കേസെടുത്തു. തനിക്ക് പകരം സര്‍ക്കാര്‍ ജോലികള്‍ ചെയ്യാന്‍ ഗീത എന്ന യുവതിയെ കവിത അനധികൃതമായി ജോലിക്കു വെച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്കുള്ള ശമ്പളം കവിത വ്യക്തിപരമായാണ് നല്‍കിയിരുന്നത്. കസ്റ്റഡിയില്‍ എടുത്ത ഗീതയെ മൊഴി രേഖപ്പെടുത്തി വിട്ടു.

ഈ ഓഫിസില്‍ അഴിമതി വ്യാപകമാണെന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി ലോകായുക്ത പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് ജനുവരി പത്തിന് ഓഫിസില്‍ റെയ്ഡ് നടത്തി. ഓഫീസിലെ എല്ലാ ജീവനക്കാരെയും വിളിച്ചുവരുത്തി പേരും പദവിയും രേഖപ്പെടുത്തുമ്പോഴാണ് കംപ്യൂട്ടര്‍ ഓപ്പറേറ്ററായ ഒരാള്‍ സംശയാസ്പദമായ രീതിയില്‍ പെരുമാറിയത്. താന്‍ കരാര്‍ ജീവനക്കാരനാണെന്നാണ് ഇയാള്‍ പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വെളിയിലായത്. കവിതക്ക് പകരം ജോലിക്ക് വരുന്ന നവീന്‍ വസ്തു രേഖകള്‍ വരെ കൈകാര്യം ചെയ്തിരുന്നതായും കണ്ടെത്തി. കവിതയുടെ ഔദ്യോഗിക ഇമെയിലും സര്‍ക്കാര്‍ സോഫ്റ്റ് വെയറിലെ എന്‍ട്രികളും കൈകാര്യം ചെയ്തിരുന്നതും നവീനാണ്. സര്‍ക്കാര്‍ ഓഫിസില്‍ അതിക്രമിച്ചു കയറി, വിശ്വാസവഞ്ചന നടത്തി, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പുനടത്തി തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

Similar News