ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി; പികെ ഫിറോസിന്റെ വാറന്റിനെതിരായ കീഴ്‌ക്കോടതി നടപടി താല്‍ക്കാലികമായി മരവിപ്പിച്ചു
കൊച്ചി: ജാമ്യവ്യവസ്ഥ ലംഘിച്ചു വിദേശത്തു പോയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി എടുത്ത നടപടി താല്‍ക്കാലികമായി മരവിപ്പിച്ചു. സിജെഎം കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെതിരെ ഫിറോസ് സമര്‍പ്പിച്ച ഹരജിയിലാണു ഹൈക്കോടതി നടപടി.
നിയമസഭ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ച പാസ്പോര്‍ട്ട് നേരത്തെ പികെ ഫിറോസിന് തിരികെ നല്‍കിയിരുന്നു. എന്നാല്‍ ഫിറോസ് കോടതി ഉത്തരവ് ലംഘിച്ചു വിദേശത്തു പോയതായി പോലിസ് കോടതിയെ അറിയിച്ചു. ഫിറോസ് തുര്‍ക്കിയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചതോടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
അതിന് ശേഷം പാസ്പോര്‍ട്ട് തിരിച്ച് കോടതിയില്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി നല്‍കണമെന്നുള്ള ഫിറോസിന്റെ ആവശ്യം നിരസിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫിറോസിനെതിരെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനുള്ള നടപടി ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് പി കെ ഫിറോസ് അഡ്വ. മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.