മുഖ്യമന്ത്രിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ അടുത്തതവണ തരൂരിനെതിരേ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുത്: കെ മുരളീധരന്‍
ഹിന്ദുത്വയും ഹിന്ദു മതവും തമ്മിലുള്ള വ്യത്യാസമാണ് രാഹുല്‍ ഗാന്ധി പറഞ്ഞ്. കെ റെയിലില്‍ ശശി തരൂരിന്റെ നിലപാട് വ്യക്തിപരമാണ്
തിരുവനന്തപുരം: ഹിന്ദുത്വയും ഹിന്ദു മതവും തമ്മിലുള്ള വ്യത്യാസമാണ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്നും സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പഠിച്ചിട്ട് അഭിപ്രായം പറയണം കെ മുരളീധരന്‍ എം.പി. മറ്റ് മതങ്ങളെ ഹനിക്കുന്ന ബിജെപിയുടെ ഹിന്ദുത്വ നിലപാടിനെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് അതറിയാമെന്നും അവര്‍ സ്വാഗതം ചെയ്യുന്നുണ്ടെന്നും എംപി പറഞ്ഞു.
'ഹിന്ദുരാജ്യ നയത്തില്‍ മിണ്ടാട്ടമില്ലാത്ത ലീഗ്' എന്ന തലക്കെട്ടില്‍ കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കുമെന്ന് സിപിഎമ്മിന് തെറ്റിദ്ധാരണയാണെന്നും ഹിന്ദുമതം ബിജെപിക്ക് തീറെഴുതി കൊടുക്കാന്‍ സിപിഎം ശ്രമിക്കരുതെന്നും കെ മുരളീധരന്‍ പറഞ്ഞു.
കെ റെയിലില്‍ ശശി തരൂരിന്റെ നിലപാട് വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടും യുഡിഎഫ് നയവും അനുസരിച്ചാണ് റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയതെന്നും എംപി പറഞ്ഞു. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് മാറി നില്‍ക്കാന്‍ അവകാശമുണ്ടെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
വിഷയത്തില്‍ റെയില്‍വേ മന്ത്രിയെ അടുത്ത ആഴ്ച നേരില്‍ കാണുമെന്നും സര്‍ക്കാരിനൊപ്പം തരൂര്‍ നില്‍ക്കുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ റെയില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഉറപ്പാണെന്നും സമരത്തിന് താന്‍ മുന്‍പന്തിയിലുണ്ടാകുമെന്നും എംപി വ്യക്തമാക്കി. തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ അടുത്ത തവണ തിരുവനന്തപുരത്ത് ശശി തരൂരാണ് സ്ഥാനാര്‍ഥി എങ്കില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്നും ഇങ്ങനെയെങ്കില്‍ തരൂരിനെ ലോക്‌സഭയില്‍ എത്തിക്കേണ്ടത് ഇടത് മുന്നണിയുടെ കൂടി ആവശ്യമാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത്് പറഞ്ഞു.
അതേസമയം, കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് അകത്തു നിന്ന് രൂക്ഷമായ എതിര്‍പ്പു നേരിടുന്ന വേളയിലും കുലുങ്ങാതെ ശശി തരൂര്‍. വിമര്‍ശനങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള ചിത്രങ്ങള്‍ തരൂര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. മുഖ്യമന്ത്രിയുമായി വികസനം ചര്‍ച്ച ചെയ്‌തെന്ന് തരൂര്‍ കുറിപ്പില്‍ പറയുന്നു.
'മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള വികസനം ചര്‍ച്ച ചെയ്തത് ആസ്വദിച്ചു. ചില കാര്യങ്ങളില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവയ്ക്കണം. സംസ്ഥാനത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ കിട്ടണം. നിലവിലെ സാമ്പത്തിക സാചര്യങ്ങളില്‍ അവര്‍ക്കത് ലഭ്യമല്ല.' എന്നാണ് തരൂരിന്റെ കുറിപ്പ്.
കെ റെയിലിന് എതിരെ യുഡിഎഫ് എംപിമാര്‍ റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തരൂര്‍ ഒപ്പുവയ്ക്കാതിരുന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. യുഡിഎഫിന്റെ 18 എംപിമാരാണ് നിവേദനത്തില്‍ ഒപ്പുവച്ചിരുന്നത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ യുഡിഎഫ് പ്രത്യക്ഷ സമരവുമായി മുമ്പോട്ടു പോകാനുള്ള തീരുമാനമെടുത്ത സാഹചര്യത്തിലാണ് തരൂരിന്റെ വ്യത്യസ്ത നിലപാട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ലുലു മാള്‍ ഉദ്ഘാടന വേദിയിലും തരൂര്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്ന കാര്യങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ഇത് നല്ല കാര്യമാണെന്നായിരുന്നു തരൂരിന്റെ പ്രസ്താവന.
തരൂരിനെതിരെ കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. അച്ചടക്കം തരൂരിനും ബാധകമാണെന്നും അറിയില്ലെങ്കില്‍ അദ്ദേഹത്തെ പഠിപ്പിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.