കുട്ടികള്‍ക്ക് വാക്‌സിന്‍ പോലും എടുത്തിട്ടില്ല; പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നും കെ സുധാകരന്‍

Update: 2021-06-30 07:36 GMT

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പ്രതിപക്ഷ ആവശ്യം തള്ളികൊണ്ടുള്ള സര്‍ക്കാര്‍ നിലപാട് ഏകാധിപത്യ രീതിയാണെന്നും സുധാകരന്‍ പറഞ്ഞു.

കൊവിഡാനന്തരം മരണപ്പെട്ടവരേയും കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അതാണ് മനുഷ്യത്വമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കെപിസിസി പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'400 ഓളം ബിവറേജ് കോര്‍പറേഷന്‍ തുറന്ന് വെച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് പരീക്ഷ നടക്കുകയാണ്. എവിടേയും ഒരു നിയന്ത്രണവും ഇല്ല. സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ് പരീക്ഷ മാറ്റിവെക്കണമെന്ന്. എന്നാല്‍ നിര്‍ബന്ധബുദ്ധിയോടെ സര്‍ക്കാര്‍ പരീക്ഷ നടത്തുകയായിരുന്നു. തികഞ്ഞ ഏകാധിപത്യതീരുമാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്തിട്ട് പോലുമില്ല. മനുഷ്യത്വമുള്ള സര്‍ക്കാര്‍ അത് ആലോചിക്കണം. ഇവിടെ ടിപിആര്‍ നിരക്ക് കുറയുന്നില്ല. സര്‍ക്കാര്‍ നടപടികളൊന്നും ഫലപ്രാപ്തിയില്‍ എത്തുന്നില്ലായെന്നതിന്റെ തെളിവാണിത്. എന്തുകൊണ്ട് വാക്‌സിന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ജനജീവിതം നേരെയാക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുക്കുന്നത്. പറയുമ്പോള്‍ പുച്ഛിച്ച് തള്ളലല്ല. രേഖകള്‍ വെച്ച് മുഖ്യമന്ത്രിയോ ധനകാര്യമന്ത്രിയോ ഇതില്‍ വിശദീകരണം നല്‍കണം. കുറയാതിരുന്നിട്ടും പരീക്ഷ നടത്തി ധിക്കാരം കാണിക്കുന്നു'- സുധാകരന്‍ പറഞ്ഞു.

'കേരളത്തിലെ ഒരു പ്രധാനപ്പെട്ട പ്രശ്‌നം സര്‍ക്കാര്‍ മരിച്ചുപോയ കൊവിഡ് രോഗികളുടെ അംഗസംഖ്യ കുറച്ച് കാണിക്കലായിരുന്നു. ഇതിന് പുറമേ രേഖപ്പെടുത്താത്ത നിരവധി കൊവിഡ് മരണങ്ങളുമുണ്ട്. എന്റെ സ്വന്തം അനുഭവം പറയാം. എന്റെ രണ്ടാമത്തെ സഹോദരന്‍ കൊവിഡ് ബാധിച്ചാണ് മരിച്ചത്. കൊവിഡ് ചികിത്സയിലിരിക്കെ ആയിരുന്നില്ല മരിച്ചത്. നെഗറ്റീവ് ആയി ശ്വാസതടസം നേരിടുകയും പിന്നീട് ഓക്‌സിജന്‍ കൊടുക്കുന്ന തരത്തിലേക്ക് എത്തി. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഒടുവിലാണ് അദ്ദേഹം മരണപ്പെട്ടത്. സത്യത്തില്‍ മരണത്തിന്റെ അടിസ്ഥാന കാരണം കൊവിഡാണ്. എന്നാല്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ ജേഷ്ടന്റെ പേര് ഇല്ല. ആനുകൂല്യം കിട്ടാന്‍ വേണ്ടി പറയുന്നതല്ല. ഞങ്ങള്‍ക്ക് ആനുകൂല്യം വേണ്ട. പക്ഷെ ഇതുപോലെ ആയിരക്കണക്കിന് ആളുകള്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. സര്‍ക്കാരിന് മനുഷ്യത്വമുണ്ടെങ്കില്‍ ആരോരും ഇല്ലാതായവര്‍ക്ക് സഹായ ധനം നല്‍കാന്‍ തക്കതായ പുനപരിശോധന നടത്തി യഥാര്‍ത്ഥത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകള്‍ ഉള്‍പ്പെടുത്തണം. ഇതിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിക്ക് കഴിയണം'-സുധാകരന്‍ പറഞ്ഞു.

Tags:    

Similar News