സ്‌പേഡെക്‌സ് ദൗത്യം അവസാനഘട്ടത്തില്‍; അടുത്തടുത്ത് ഉപഗ്രഹങ്ങള്‍

Update: 2025-01-12 02:46 GMT

ബംഗളൂരു: സ്‌പേഡെക് ദൗത്യം അവസാനഘട്ടത്തിലേക്ക് കടന്നതായി ഐഎസ്ആര്‍ഒ. രണ്ടു ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഡോക്കിങ് പരീക്ഷണം നടത്താനുള്ള തീയ്യതിയും സമയവും ഉടന്‍ പ്രഖ്യാപിക്കും. രണ്ടു ഉപഗ്രഹങ്ങളെയും 15 മീറ്റര്‍ അടുത്ത് എത്തിച്ചിട്ടുണ്ട്. ഇവ തമ്മില്‍ ആശയവിനിമയം നടത്തി തുടങ്ങി. ഒന്നര കിലോമീറ്റര്‍ അകലെയായിരുന്ന ഉപഗ്രഹങ്ങളെ 15 മീറ്റര്‍ അടുത്തെത്തിച്ചത് വിജയമാണെന്നും ഉപഗ്രഹങ്ങള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ഡിസംബര്‍ 30നാണു സ്‌പേഡെക്‌സ് പരീഷണത്തിനുള്ള 2 ചെറുഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി60 ഭ്രമണപഥത്തിലെത്തിച്ചത്. തുടര്‍ന്ന് ജനുവരി 7ന് ഡോക്കിങ് പരീക്ഷണം നടക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 9ലേക്ക് മാറ്റി. എന്നാല്‍ പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുന്നതിനിടെ കൂടുതല്‍ അടുത്തതോടെ പരീക്ഷണം അന്നും മാറ്റിവയ്ക്കുകയായിരുന്നു.

പേടകങ്ങളെ ബഹിരാകാശത്തുവച്ചു കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍.

Similar News