മാലദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കപ്പലുകള്‍ അനുവദിക്കണമെന്ന് കെ സുധാകരന്‍ എം പി
ന്യൂഡല്‍ഹി: മാലദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി കപ്പലുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ എം പി പ്രധാനമന്ത്രിക്ക് കത്തുനല്‍കി.
മാലദ്വീപിലെ തലസ്ഥാന നഗരിയില്‍ ജോലി ചെയ്യുന്ന ഏകദേശം 22,000 ഇന്ത്യന്‍ പൗരന്മാരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്. 9.27 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മാലെ ലോകത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രത ഉള്ള പ്രദേശമാണ്. മാല ദ്വീപിലെ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം മാത്രം 177 പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ മാലയില്‍ സമൂഹവ്യാപന സാധ്യത വളരെ കൂടുതലാണെന്നും കെ സുധാകരന്‍ എം.പി. കത്തില്‍ ചൂണ്ടിക്കാട്ടി.
ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത കുറഞ്ഞുവരികയാണെന്നും ഈ ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ മാലദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിനു വേണ്ടി ഇന്ത്യയില്‍ നിന്നും കപ്പലുകള്‍ അനുവദിക്കണമെന്ന് കെ സുധാകരന്‍ എം.പി പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും ആവശ്യപ്പെട്ടു. ഇതേ ആവശ്യത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രിയോടും കേരളത്തിലെ മറ്റ് എം പിമാരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.