കെ സുധാകരന്‍ പരിഷ്‌കൃത സമൂഹത്തിന്റെ ക്ഷമ പരിശോധിക്കരുത്: ഡിവൈഎഫ്‌ഐ
കൊന്ന നേതാക്കള്‍ കുറ്റസമ്മതം നടത്തിയിട്ടു പോലും ഇത്രയും ഹീനമായ കൊലപാതകത്തെ ന്യായീകരിക്കാന്‍ കെപിസിസി അധ്യക്ഷന് മടി തോന്നുന്നില്ല എന്നത് കേരളത്തിലെ സുധാകരനിസത്തിലകപ്പെട്ട കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ദുരന്തം വ്യക്തമാവുന്നു.
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ധീരജ് വധവുമായി ബന്ധപ്പെട്ട് ഇന്നു കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം കൊലപാതകത്തെ ന്യായീകരിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന്റ ക്ഷമ പരിശോധിക്കുന്നതുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. യാതൊരു സംഘര്‍ഷവുമില്ലാതെ സമാധാനപരമായി തിരഞ്ഞെടുപ്പ് നടന്ന കലാലയത്തില്‍ കൊല ആസൂത്രണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയും സംഘവും എത്തുകയായിരുന്നു.
ഹൃദയത്തിന്റെ അറകളിലേക്ക് കത്തികയറ്റി കൊന്നു തള്ളിയിട്ടും ധീരജിനെയും കുടുംബത്തെയും വീണ്ടും അപമാനിക്കുന്നതാണ് സുധാകരന്റെ ഓരോ വാക്കുകളും. യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു ജില്ലാ നേതാക്കളായ പ്രതികളെ തല്‍സ്ഥാനത്ത് നിന്നു നീക്കുക പോലും ചെയ്യാതെ സംരക്ഷിക്കുകയും നിയമ സഹായം നല്‍കുകയും ചെയ്യുകയാണ്. കൊന്ന നേതാക്കള്‍ കുറ്റസമ്മതം നടത്തിയിട്ടു പോലും ഇത്രയും ഹീനമായ കൊലപാതകത്തെ ന്യായീകരിക്കാന്‍ കെപിസിസി അധ്യക്ഷന് മടി തോന്നുന്നില്ല എന്നത് കേരളത്തിലെ സുധാകരനിസത്തിലകപ്പെട്ട കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ദുരന്തം വ്യക്തമാവുന്നു.
ഡിവൈഎഫ്‌ഐ പ്രസ്താവിച്ചു. കോണ്‍ഗ്രസ് അനുഭാവി കൂടിയായ ധീരജിന്റെ പിതാവിനെ ഈ കോണ്‍ഗ്രസ് നേതാക്കള്‍ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല. ഒറ്റ കേള്‍വിയില്‍ തന്നെ വ്യാജമാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാവുന്ന നിര്‍മിത കള്ളങ്ങളുടെ പട്ടികയുമായി വാര്‍ത്താ സമ്മേളനത്തിന് വന്ന കെ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിടാന്‍ പോലുമാവാതെ ഉഴറുന്ന കാഴ്ചയും കണ്ടു. ഇരന്നു വാങ്ങിയ മരണമെന്ന സുധാകരന്റെ വാക്കുകള്‍ കൊലപാതകികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന സമ്മത പത്രം കൂടിയാണ്. എന്ത് വില കൊടുത്തും തന്റെ പ്രവര്‍ത്തകരെ സംരക്ഷിച്ചുനിര്‍ത്തുമെന്ന പ്രസ്താവന പൊതുസമൂഹത്തോടും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.