ബിജെപിക്ക് എതിരായ കെ.സുന്ദരയുടെ വെളിപ്പെടുത്തല്‍; പോലിസ് അന്വേഷണം തുടങ്ങി
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന കെ.സുന്ദരയുടെ വെളിപ്പെടുത്തലില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതു സംബന്ധിച്ച എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി വി.വി രമേശന്റെ പരാതി ജില്ലാ പൊലീസ് മേധാവി ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. വരണാധികാരി എന്ന നിലയ്ക്ക് ജില്ലാ കളക്ടര്‍ക്കും ഇടത് മുന്നണി പരാതി നല്‍കിയിട്ടുണ്ട്.
ബി ജെ പി നേതാക്കള്‍ ലക്ഷങ്ങള്‍ നല്‍കിയതു കൊണ്ടാണ് താന്‍ തിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിച്ചതെന്ന് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തിയിരുന്നു. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നാണ് സുന്ദര പറഞ്ഞത്.
തിരഞ്ഞെടുപ്പ് ചട്ട ലംഘനവുമായി ബന്ധപ്പെട്ട കേസായതിനാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയുടെ അനുമതി ആവശ്യമാണ്. കുഴല്‍പ്പണക്കേസില്‍ അകപ്പെട്ട കെ സുരേന്ദ്രന് എതിരില്‍ സി കെ ജാനുവിന് പണം നല്‍കി എന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് കാസര്‍ഗോഡ് നിന്നും മറ്റൊരു ആരോപണം കൂടി ഉയര്‍ന്നുവന്നിട്ടുള്ളത്.