പത്രിക പിന്‍വലിക്കാന്‍ കോഴ; ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ കേസെടുത്തു
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരിത്തെ പത്രിക പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ കേസെടുത്തു. ബിജെപി നേതാക്കള്‍ വീട്ടിലെത്തി രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ പിന്നാലെ സുരേന്ദ്രനെതിരേ കേസെടുക്കാന്‍ ആവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വി രമേശന്‍ കാസര്‍കോട് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പരാതിയില്‍ വാദം കേട്ട കോടതി സുരേന്ദ്രനെതിരേ കേസെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഐപിസി 171 (B), 171 (E) വകുപ്പുകള്‍ അനുസരിച്ച് ബദിയടുക്ക പോലിസ് കേസെടുത്തത്. നിലവിലെ എഫ്‌ഐആര്‍ പ്രകാരം സുരേന്ദ്രനെ കോടതിയുടെ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാന്‍ പോലിസിനാകില്ല. എന്നാല്‍ ബദിയടുക്ക പോലിസിന്റെ പ്രാഥമികാന്വേഷണത്തില്‍ പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നും സുന്ദര മൊഴി നല്‍കിയിരുന്നു. ഇതുപ്രകാരം
പ്രാഥമിക അന്വേഷണ റിപോര്‍ട്ട് കൂടി എഫ്‌ഐആറിനൊപ്പം ചേര്‍ത്താല്‍ കേസില്‍ തട്ടിക്കൊണ്ടുപോവല്‍, തടങ്കലില്‍ വക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്താനാവും. സുന്ദരയുടെ മൊഴിയനുസരിച്ച് പണം നല്‍കാന്‍ വീട്ടിലെത്തിയ ബിജെപി സംഘത്തിലുണ്ടായിരുന്ന സുനില്‍ നായ്ക്, സുരേഷ് നായക്, അശോക് ഷെട്ടി എന്നിവരെയും പ്രതി ചേര്‍ക്കാനാണ് പോലിസ് നീക്കമെന്നാണു വിവരം.
Bribe to withdraw petition; Case against BJP state president K Surendran