പോലിസ് നടപടികളുമായി സഹകരിക്കില്ലെന്ന ബിജെപി മുന്‍ നിലപാട് മുക്കി; കൊടകര കുഴല്‍പ്പണ കേസുമായി സഹകരിക്കുമെന്ന് കെ സുരേന്ദ്രന്‍

നേരത്തെ കൊടകര ഹവാല പണമിടപാട് കേസുമായി ബന്ധപ്പെട്ട് പോലിസ് വിളിപ്പിച്ചാല്‍ ഹാജരാകേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു.

Update: 2021-07-11 08:20 GMT

തിരുവനന്തപുരം: കൊടകര കുഴല്‍പണ കേസുമായി സഹകരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. നോട്ടീസ് നല്‍കുമ്പോള്‍ തന്നെ ഹാജരാകണമെന്നില്ലല്ലോ. ആത്മരതിക്കായി മാധ്യമ പ്രവര്‍ത്തകര്‍ ചൊറിയുകയാണ്. കൊടകര കേസുമായി സഹകരിക്കുമെന്നും ഹാജരാകുന്ന തിയതി തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ കൊടകര ഹവാല പണമിടപാട് കേസുമായി ബന്ധപ്പെട്ട് പോലിസ് വിളിപ്പിച്ചാല്‍ ഹാജരാകേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ആ തീരുമാനമാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ബിജെപി സംഘടനാ സെക്രട്ടറിയെയും സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറിയെയും പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കൊടകര കേസില്‍ പണം കടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജ്, പണം നഷ്ടപ്പെട്ടപ്പോള്‍ ആദ്യം വിളിച്ചത് കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കായിരുന്നു. മകന്‍ എന്നത് കൊണ്ടു അന്വേഷണ ഏജന്‍സി കാണുന്നത് കെ സുരേന്ദ്രനെ വിളിച്ചു എന്നു തന്നെയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അന്വേഷണ സംഘം കെ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത്.

കൊടകര ഹവാല പണമിടപാടില്‍ സംസ്ഥാന പോലിസിന് പുറമെ ഇഡിയും പ്രാഥമികാന്വേഷണം ആരംഭിച്ചിരുന്നു.

നേരത്തെ, കൊടകര കേസില്‍ ബിജെപിക്കെതിരേ വാര്‍ത്തകൊടുക്കുന്ന മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് തീട്ടൂരം നല്‍കിയിരുന്നു. എന്നാല്‍, നിരന്തരം ബിജെപി നേതാക്കളെ ഈ കേസില്‍ പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ, ബിജെപി നേതാക്കളെ ഫോണില്‍ പോലും ലഭിക്കാതെയായി.

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദരയെ പണം നല്‍കി ഭീഷണിപ്പെടുത്തി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ച കേസിലും ജനാധിപത്യ രാഷട്രീയ പാര്‍ട്ടി നേതാവ് സികെ ജാനുവിന് കോഴ നല്‍കിയ കേസിലും കെ സുരേന്ദ്രന്‍ അന്വേഷണം നേരിടുകയാണ്.

Tags:    

Similar News