കാബൂള്‍ സ്‌ഫോടനം; മരണം 170 ആയി
വിമാനത്താവളത്തിന്റെ സുരക്ഷ, താലിബാന്‍ ഏറ്റെടുത്തെന്ന റിപോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും അമേരിക്ക ഇത് സ്ഥിരീകരിച്ചിട്ടില്
കാബൂള്‍: ഹാമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മരണം 170 ആയി. അഫ്ഗാന്‍ പൗരന്മാരാണ് മരിച്ചവരില്‍ ഏറെയും. 30 താലിബാന്‍കാരും കൊല്ലപ്പെട്ടു. 13 അമേരിക്കന്‍ സൈനികരും, 2 ബ്രിട്ടീഷ് പൗരന്‍മാരും കൊല്ലപ്പെട്ടവരിലുണ്ട്. മോര്‍ച്ചറികള്‍ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോള്‍ മൃതദേഹം കിടത്തുന്നതെന്ന് റിപോര്‍ട്ടുകളുണ്ട്.
അതിനിടെ വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്‌ഫോടനമാണ് സംഭവിച്ചത് എന്ന വാദം അമേരിക്ക തിരുത്തി. ഇരട്ട സ്‌ഫോടനം നടന്നിട്ടില്ലെന്നും, ഒരു ചാവേര്‍ ആക്രമണം മാത്രമാണ് നടന്നതെന്നും പെന്റഗണ്‍ പറഞ്ഞു. വിമാനത്താവളത്തിനു പുറത്ത്, ആയുധമേന്തിയ താലിബാന്‍കാര്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷ, താലിബാന്‍ ഏറ്റെടുത്തെന്ന റിപോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും അമേരിക്ക ഇത് സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കന്‍ സൈന്യമാണ് സ്‌ഫോടനം നടത്തിയതെന്നും അവര്‍ ഉപേക്ഷിച്ചു പോകുന്ന വസ്തുക്കള്‍ നശിപ്പിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്നും താലിബാന്‍ ആരോപിച്ചിരുന്നു.