മധ്യപ്രദേശില്‍ ആദിവാസി കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കമല്‍നാഥ്
ഭോപ്പാല്‍: നെമവാറില്‍ ആദിവാസി വിഭാഗത്തില്‍ പെട്ട ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് കോണ്‍ഗ്രസ് മേധാവി കമല്‍നാഥ്.
മെയ് 13ാം തിയ്യതി കാണാതായ മമത ബാലെ(45) അവരുടെ മകള്‍ രൂപാലി(21), ദിവ്യ(14), ബന്ധുവായ പൂജ(15), പവന്‍(14) എന്നിവരുടെ മൃതദേഹങ്ങള്‍ ജൂണ്‍ 29നാണ് പത്ത് മീറ്റര്‍ ആഴത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ദെവാസ് എസ് പി ശിവദയാല്‍ സിങ് പറഞ്ഞു.
കമല്‍നാഥും പാര്‍ട്ടി സഹപ്രവര്‍ത്തകരായ അരുണ്‍ യാദവ്, കാന്തിലാല്‍ ഭൂരിയ, സജ്ജന്‍ സിങ് വര്‍മ, ജിത്തു പട് വാരി, നാകുല്‍ നാഥ് എന്നിവര്‍ ഇന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ്സിനെ വകയായി 25 ലക്ഷം രൂപ ധനസഹായവും കൈമാറി.
കുടുംബാംഗങ്ങള്‍ ഭയത്തിലാണെന്നും കേസെടുക്കുന്നതില്‍ വീഴ്ചയുണ്ടെന്നും കമല്‍നാഥ് ആരോപിച്ചു. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട രൂപാലിയും താനും തമ്മില്‍ സ്‌നേഹബന്ധമുണ്ടായിരുന്നെന്നും താന്‍ മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടതിനോട് അവര്‍ക്ക് വിരോധമുണ്ടായിരുന്നതായും പ്രതിചേര്‍ക്കപ്പെട്ട സുരേന്ദ്ര രജ്പുത്ത എന്നയാള്‍ മൊഴിനല്‍കി.
സുരേന്ദ്ര പറയുന്നതനുസരിച്ച് രൂപാലി, സുരേന്ദ്ര രജ്പുത്ത് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ കുറിച്ച് മോശം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പോസ്റ്റ് ഇട്ടു. ഇതില്‍ പ്രകോപിതരായ സുരേന്ദ്ര സഹോദരന്‍ വിരേന്ദ്ര, സുഹൃത്തുക്കളായ വിവേക് തിവാരി, രാജ്കുമാര്‍, മനോജ് കോര്‍കു, കരന്‍ കോര്‍കു എന്നിവരുടെ സഹായത്തോടെ അഞ്ച് പേരെ കൊലപ്പെടുത്തുകയായിരുന്നു.
സുരേന്ദ്രയെയും കൂട്ടാളികളെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്.
കൊലപാതകം നടത്തിയവര്‍ ബിജെപിയുമായി അടുത്ത ബന്ധമുള്ളവരാണെന്ന് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിങ് വര്‍മ പറഞ്ഞു.
മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ മണ്ഡലത്തിനടുത്താണ് കൊലപാതകം നടന്നത്.