'നമ്മുടേത് സനാതന രാജ്യം തന്നെ'; ഡിഎംകെയെ തള്ളി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്
ന്യൂഡല്‍ഹി: തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മം സംബന്ധിച്ച പരാമര്‍ശം സംഘപരിവാരം വിവാദക്കിയിരിക്കെ ഡിഎംകെ നിലപാട് തള്ളി മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്. ഡിഎംകെ എന്ത് തന്നെ പറഞ്ഞാലും നമ്മുടെ രാജ്യം സനാതന രാജ്യമാണെന്ന് കമല്‍നാഥ് പറഞ്ഞു. ആജ് തക്കിന്റെ 'പഞ്ചായത്ത് മധ്യപ്രദേശ്' പരിപാടിയിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. പ്രതിപക്ഷസഖ്യമായ ഇന്‍ഡ്യ സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനു പിന്നാലെയാണ് കമല്‍നാഥിന്റെ പ്രസ്താവന. ഇന്ത്യ നിരവധി മതങ്ങളുടെ നാടാണ്. സനാതന ധര്‍മം മറ്റ് വിശ്വാസങ്ങളെയും ചേര്‍ത്തുനിര്‍ത്താനാണ് പഠിപ്പിക്കുന്നത്. ആരെയും അകറ്റിനിര്‍ത്താന്‍ സനാതനത്തില്‍ എവിടെയും പറയുന്നില്ല. ഡിഎംകെ എന്ത് തന്നെ പറഞ്ഞാലും നമ്മുടെ രാജ്യം സനാതന രാജ്യമാണ്. ഇന്ത്യയിലെ ഓരോ പൗരനും സനാതന്‍ ധര്‍മത്തില്‍ വിശ്വാസമുണ്ടെന്നും അത് ചര്‍ച്ചാ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മം കോളറ, മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചാവ്യാധികളോട് ഉപമിച്ച ഉദയനിധി അതിനെ പ്രതിരോധിക്കുകയല്ല വേണ്ടത്, ഉന്‍മൂലനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ആഹ്വനം ചെയ്തത്. ഇതിനെ വംശഹത്യയ്ക്കുള്ള ആഹ്വാനമെന്നു പറഞ്ഞ് ബിജെപിയും സംഘപരിവാരവും വിവാദമാക്കുകയും യുപിയില്‍ ഉള്‍പ്പെടെ കേസെടുക്കുകയും ചെയ്തിരുന്നു. ബിജെപി വിരുദ്ധ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ നാഷനല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ (ഇന്‍ഡ്യ)യിലെപ്രധാന ഘടക കക്ഷിയാണ് എം കെ സ്റ്റാലിന്റെ പാര്‍ട്ടിയായ ഡിഎംകെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉദയനിധിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സനാതന്‍ ധര്‍മ വിഷയത്തില്‍ ഇന്‍ഡ്യ സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് കമല്‍നാഥിന്റെ പരാമര്‍ശം. വാര്‍ത്താ സമ്മേളനത്തില്‍ മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങും പങ്കെടുത്തു.