ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ വീടിന് പുറത്തെ 'ജയ് ശ്രീറാം' പതാക അഴിച്ചുമാറ്റി കമല്‍നാഥ്

Update: 2024-02-19 10:23 GMT
ന്യൂഡല്‍ഹി: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ വീടിനു പുറത്തെ 'ജയ് ശ്രീറാം' പതാക നീക്കം ചെയ്തു. രാഹുല്‍ ഗാന്ധി കമല്‍നാഥുമായി ചര്‍ച്ച ചെയ്‌തെന്നും റിപോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലെ കമല്‍നാഥിന്റെ വസതിയുടെ മേല്‍ക്കൂരയില്‍ ഇന്നലെ 'ജയ് ശ്രീറാം' പതാക കണ്ടതായി റിപോര്‍ട്ടുണ്ടായിരുന്നു. കമല്‍ നാഥും അദ്ദേഹത്തിന്റെ മകന്‍ നകുല്‍ നാഥും കോണ്‍ഗ്രസ് വിടുന്നതായാണ് ആഴ്ചകളായി പ്രചരിക്കുന്നത്. ഇക്കാര്യം കമല്‍നാഥോ അദ്ദേഹത്തിന്റെ മകനോ തള്ളിപ്പറഞ്ഞിട്ടില്ല. മധ്യപ്രദേശില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപിയായ നകുല്‍നാഥ് സാമൂഹിക മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ ബയോയില്‍ നിന്ന് കോണ്‍ഗ്രസിന്റെ പേര് ഒഴിവാക്കുകയും ചെയ്തിരുന്നു. അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കമല്‍നാഥിനെ സന്ദര്‍ശിക്കുകയും പാര്‍ട്ടി വിടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തതായും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, മകന്‍ നകുല്‍നാഥ് ബിജെപി അംഗത്വം നേടുമെന്നും വാര്‍ത്തകളുണ്ട്.

    കഴിഞ്ഞ വര്‍ഷം മധ്യപ്രദേശില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോട് കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതോടെയാണ് കമല്‍നാഥ് പാര്‍ട്ടിയുമായി അകന്നത്. ഇന്ദിരാഗാന്ധി മുതല്‍ നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കമല്‍നാഥ്. മധ്യപ്രദേശിലെ ചിന്ദ്‌വാര മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കമല്‍നാഥിനെ തന്റെ മൂന്നാമത്തെ മകന്‍ എന്നാണ് വിളിച്ചിരുന്നത്. ഒമ്പത് തവണ എംപിയായിരുന്നു കമല്‍നാഥ്. അതേസമയം, കമല്‍നാഥ് ബിജെപിയില്‍ ചേരുന്നില്ലെന്നും മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപോര്‍ട്ടുകള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജിതു പട്വാരി പറഞ്ഞു.

    കമല്‍നാഥുമായി ഞാന്‍ സംസാരിച്ചിരുന്നു. താന്‍ കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞതായി പട്വാരി പറഞ്ഞു. 'ഗാന്ധി കുടുംബവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അചഞ്ചലമാണ്. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തിനൊപ്പം ജീവിച്ച അദ്ദേഹം അവസാനം വരെ അതില്‍ തുടരും. ഇതാണ് അദ്ദേഹം എന്നോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News