ദുര്‍ബലനായ മന്ത്രിയ്ക്ക് കീഴില്‍ ഉദ്യോഗസ്ഥ ദുഷ്ഭരണം; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ ജീവനക്കാരെ ചൂഷണം ചെയ്യുന്നുവെന്നും കാനം രാജേന്ദ്രന്‍
കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് കാരണം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത്
തിരുവനന്തപുരം: ഗതാഗത വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് കാരണം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ്. ദുര്‍ബലനായ വകുപ്പ് മന്ത്രിയേക്കാള്‍ കൂടുതല്‍ അധികാരം പ്രയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്ന് കാനം കുറ്റപ്പെടുത്തി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സിപിഐ നേതാവിന്റെ പ്രതികരണം.
'കെഎസ്ആര്‍ടിസിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് തന്നെയാണ് സിപിഐ സംസ്ഥാന നേതൃത്തിന്റെ നിലപാട്. എന്നാല്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കാത്ത സാഹചര്യത്തില്‍ അതെങ്ങനെയാണ് പാലിക്കാന്‍ കഴിയുക? കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി റെക്കോര്‍ഡ് വരുമാനമാണ് കോര്‍പറേഷന്‍ നേടിയിരിക്കുന്നത്. എന്നിട്ടും തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ദുര്‍ബലനായ മന്ത്രിയ്ക്ക് കീഴില്‍ ഉദ്യോഗസ്ഥ ദുഷ്ഭരണമാണ് നടക്കുന്നത്. ഇത് കെഎസ്ആര്‍ടിസിയുടെ കെടുകാര്യസ്ഥതയാണ്,' കാനം ചൂണ്ടിക്കാട്ടി.
'കെഎസ്ആര്‍ടിസിയില്‍ തൊഴില്‍ നിയമനം പിഎസ്‌സി വഴിയായിരുന്നു. എന്നാലിപ്പോള്‍ നിയമനത്തിനുള്ള അധികാരം മാനേജിങ് ഡയറക്ടര്‍ക്ക് നല്‍കിയിരിക്കുകയാണ്. മാനേജിങ് ഡയറക്ടര്‍ക്ക് ഇഷ്ടമുള്ളവരെ നിയമിക്കാന്‍ കഴിയും. എങ്ങനെയാണ് ഏകപക്ഷീയമായ ഇത്തരം തീരുമാനങ്ങളെ അനുകൂലിക്കാന്‍ കഴിയുക? എങ്ങനെയാണ് മാനേജിങ് ഡയറക്ടര്‍ക്ക് ഇത്തരം ഭരണകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയുക?' സിപിഐ നേതാവ് ചോദിച്ചു.
'കരാര്‍ അടിസ്ഥാനത്തില്‍ തൊഴില്‍ നല്‍കുന്നതിനെതിരെ ലോകത്തിന്റെ പല ഭാഗങ്ങളിലും പോരാടിയിട്ടുള്ളവരാണ് ഇടതുപക്ഷം. എന്നാല്‍ അതേ രീതി ഇപ്പോഴിവിടെ സാധ്യമാകുന്നത് വിരോധാഭാസമാണ്. ഈ വിഷയത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ മുന്‍പന്തിയില്‍ ഉണ്ടാകേണ്ടതാണ്. അത്തരം ചര്‍ച്ചകള്‍ എന്തെങ്കിലും നടന്നിരുന്നോ? സിഐടിയു പോലുള്ള യൂനിയനുകള്‍ സമരവുമായി മുന്നോട്ട് വന്നോ? സിപിഐക്ക് കെഎസ്ആര്‍ടിസിയില്‍ അംഗീകാരമുള്ള യൂണിയനുകളില്ലെന്നും' കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഇടത് മുന്നണി ഇത്തരം വിഷയങ്ങള്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യാത്തതില്‍ തനിക്കുള്ള എതിര്‍പ്പ് കാനം പ്രകടിപ്പിച്ചതായും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.