കന്‍വാര്‍ യാത്ര: ബിജെപി ഹിന്ദു കാര്‍ഡ് കളിക്കുന്നുവെന്ന് തൃണമൂല്‍ എംപി സൗഗുത റോയി
കൊല്‍ക്കത്ത: കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് ബിജെപി ഹിന്ദു കാര്‍ഡ് കളിക്കുന്നുവെന്ന വിമര്‍ശനവുമായി തൃണമൂല്‍ എംപി സൗഗത റോയി. ബിജെപിക്ക് ജനങ്ങളുടെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നും റോയി കുറ്റപ്പെടുത്തി.
''കന്‍വര്‍ യാത്രക്കെതിരേ സുപ്രിംകോടതി ആവര്‍ത്തിച്ച് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള സംസ്ഥാനമാണ്. കൊവിഡ് വ്യാപനവും ശക്തമാണ്. ബിജെപി ഹിന്ദു കാര്‍ഡ് കളിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിലോ സുരക്ഷയിലോ അവര്‍ക്ക് ഒരു താല്‍പര്യവുമില്ല''- സൗഗത റോയി പറഞ്ഞു.
കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയതിനെതിരേ സുപ്രിംകോടതി തന്നെ യുപി സര്‍ക്കാരിനെതിരേ സ്വമേധയാ രംഗത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ തങ്ങളുടെ പ്രതികരണമറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനും യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശിവ ഭക്തര്‍ നടന്നും മറ്റ് വഴിയിലൂടെയും ഹരിദ്വറിലെത്തി തങ്ങളുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലേക്ക് ഗംഗയില്‍ നിന്ന് ജലം ശേഖരിച്ചുപോകുന്ന ചടങ്ങാണ് കന്‍വാര്‍ യാത്ര. ജൂലൈ 25നാണ് യാത്ര നടക്കുന്നത്.
കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും.