കാപ്പാട് തീരദേശ റോഡ് അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് എന്ന നിലയില്‍ അടിയന്തിര പ്രാധാന്യത്തോടെ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും ആലോചിച്ച് ഉടന്‍ നടപടി സ്വീകരിക്കും.

Update: 2021-05-30 08:39 GMT

കോഴിക്കോട്: കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന കാപ്പാട് തീരദേശ റോഡിലെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാപ്പാട് തീരദേശ റോഡ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് കാപ്പാട്. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കും വളരെ പ്രയാസങ്ങളുണ്ട്. ദേശീയ പാതയില്‍ അപകടങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ തീരദേശ റോഡിലൂടെയാണ് വാഹനഗതാഗതം തിരിച്ചുവിടാറുള്ളത്. കടലാക്രമണത്തില്‍ പൊയില്‍ക്കാവ് മുതല്‍ കാപ്പാട് വരെ റോഡ് തകര്‍ന്നു സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. കടലാക്രമണത്തില്‍ ഇവിടുത്തെ കടല്‍ ഭിത്തികളും താഴ്ന്നിരുന്നു.

ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് എന്ന നിലയില്‍ അടിയന്തിര പ്രാധാന്യത്തോടെ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും ആലോചിച്ച് ഉടന്‍ നടപടി സ്വീകരിക്കും.

പ്രവൃത്തി ഏറ്റെടുത്താല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത കരാറുകാരെ ഒഴിവാക്കും. പണമില്ലെന്ന പേരില്‍ കേരളത്തില്‍ ഒരു റോഡ് പ്രവൃത്തിയും മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു. കാനത്തില്‍ ജമീല എംഎല്‍എ, ജില്ലാ കലക്ടര്‍ സാംബശിവറാവു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Tags:    

Similar News