കാപ്പന്‍ എല്‍ഡിഎഫില്‍ നിന്ന് വന്നതുകൊണ്ടാവാം അപരിചിതമായി തോന്നുന്നത്; പരസ്യപ്രതികരണം അനൗചിത്യമെന്നും വിഡി സതീശന്‍
യുഡിഎഫില്‍ സംഘാടനമില്ലെന്നും ആര്‍ക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണെന്നുമായിരുന്നു കാപ്പന്റെ വിമര്‍ശനം
തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിനെതിരായ മാണി സി കാപ്പന്‍ എംഎല്‍എയുടെ പരസ്യ പ്രതികരണത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാണി സി കാപ്പന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ യുഡിഎഫ് ചെയര്‍മാനായ തന്നോടോ അല്ലെങ്കില്‍ കണ്‍വീനറോടോ പറയാം. മറിച്ചുള്ള പരസ്യ പ്രതികരണം അനൗചിത്യമാണെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു.
'യുഡിഎഫ് ചെയര്‍മാനാണ് ഞാന്‍. മാണി സി കാപ്പന്‍ അത്തരമൊരു പരാതി എന്റെ അടുത്ത് ഉന്നയിച്ചിട്ടില്ല. എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത് പോലെയല്ല യുഡിഎഫ് സംവിധാനം. യുഡിഎഫിന്റേത് മറ്റൊരു രീതിയാണ്. മാണി സി കാപ്പന്‍ എല്‍ഡിഎഫില്‍ നിന്നും വന്നതുകൊണ്ടാവാം അപരിചിതമായി തോന്നുന്നത്. മാണി സി കാപ്പന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ എന്നോട് ഉന്നയിക്കാം. അല്ലെങ്കില്‍ കണ്‍വീനറോട് പറയാം. പരസ്യ പ്രതികരണം അനൗചിത്യമായിരുന്നു. എന്ത് പരാതിയുണ്ടെങ്കിലും അത് പരിശോധിക്കും. ഘടകകക്ഷികളാവുമ്പോള്‍ പല അഭിപ്രായമുണ്ടാവും. ആര്‍എസ്പിയുമായുളള പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഘടക കക്ഷികളുടെ വലിപ്പ ചെറുപ്പം നോക്കിയിട്ടല്ല കോണ്‍ഗ്രസ് പെരുമാറുന്നത്.' വി ഡി സതീശന്‍ പറഞ്ഞു.
യുഡിഎഫില്‍ സംഘാടനം ഇല്ലെന്നും ആര്‍ക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണെന്നുമാണ് കാപ്പന്റെ വിമര്‍ശനം.
'മുന്നണിയില്‍ അസ്വസ്ഥതകളുണ്ട്. യുഡിഎഫ് പരിപാടികളൊന്നും എന്നെ അറിയിക്കുന്നില്ല. യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. ആര്‍ക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് യുഡിഎഫില്‍. എന്നാല്‍ ഇടതുമുന്നണിയില്‍ ഇത്തരം പ്രതിസന്ധിയില്ല. രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഉന്നയിക്കേണ്ടത് താനാണെന്ന് വിഡി സതീശന്‍ പറയുന്നു. ഇത് സംഘാടനം ഇല്ലാത്തതിന്റെ പ്രശ്‌നമാണ്്' -മാണി സി കാപ്പന്‍ പറഞ്ഞു. സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്നും കാപ്പന്‍ പറഞ്ഞു.