കരിപ്പൂര്‍ വിമാന ദുരന്തം: രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുബൈ കെഎംസിസിയുടെ സഹായഹസ്തം

Update: 2020-08-09 18:55 GMT

ദുബൈ/കൊണ്ടോട്ടി: കരിപ്പൂരിലെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശവാസികളായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദുബൈ കെഎംസിസിയുടെ സഹാഹസ്തം. അപകട സ്ഥലത്ത് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലും കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി കെ.പി മുഹമ്മദും ഞായറാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ അവിടേക്ക് ഓടിയെത്തി പരിക്കേറ്റവരെയും കൊണ്ട് ആശുപത്രികളിലേക്ക് കുതിക്കുകയായിരുന്നു കൊണ്ടോട്ടി എംഎല്‍എ ടി.വി ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരുമായ രക്ഷാദൂതന്മാര്‍. ഇവരുടെ ദ്രുതഗതിയിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനമായിരുന്നു ദുരന്തത്തിന്റെ ആഴം കുറച്ചത്. ഈ മനുഷ്യ സ്നേഹികളുടെ കൈമെയ് മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ അത്യന്തം മാതൃകാപരമാണ്. ഈ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഇവര്‍ക്കുള്ള ദുബൈ കെഎംസിസിയുടെ ധനസഹായം ആഗസ്ത് 10ന് തിങ്കളാഴ്ച ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ കൈമാറും.

കരിപ്പൂരിലുണ്ടായത് അതിദാരുണമായ അപകടമായിരുന്നുവെന്ന് കെഎംസിസി നേതാക്കള്‍ പറഞ്ഞു. 40 അടിയിലധികം ഉയരത്തില്‍ നിന്ന് വിമാനം താഴേക്ക് പതിക്കുകയായിരുന്നു. എന്നാല്‍, തീ പടരാതിരുന്നതും പൊട്ടിത്തെറി ഇല്ലാതിരുന്നതും വലിയ ഭാഗ്യമായി മാത്രമേ കാണാന്‍ കഴിയൂ. മരണത്തിന് കീഴടങ്ങിയ പൈലറ്റിന്റെയും സഹ പൈലറ്റിന്റെയും സന്ദര്‍ഭോചിത ഇടപെടല്‍ ജീവഹാനി കുറക്കാന്‍ സഹായിച്ചു. വിസിറ്റ് വിസ കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരാണ് ഈ വിമാനത്തില്‍ കൂടുതലും ഉണ്ടായിരുന്നത്.

പരിക്കേറ്റവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര സഹായമെത്തിക്കണം, മരിച്ചവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ഉടന്‍ ലഭ്യമാക്കണം, ഈ വിമാനത്തിലെ യാത്രക്കാരുടെ നഷ്ടപ്പെട്ട രേഖകളും ലഗേജ് അടക്കമുള്ള സാധനങ്ങളും വീടുകളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും നേതാക്കള്‍ ഫോണില്‍ വിളിച്ച് സമാശ്വസിപ്പിച്ചു.

ഇബ്രാഹിം എളേറ്റിലിനും കെ.പി മുഹമ്മദിനുമൊപ്പം സുബൈര്‍ വള്ളിക്കാട്, എംഎസ്എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് പേരോട് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരം കണ്ടയ്ന്‍മെന്റ് സോണ്‍ ആയതിനാലും കേന്ദ്ര സര്‍ക്കാറിന്റെ സുരക്ഷാ മേഖലയായതിനാലും പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതിയോടെയാണ് നേതാക്കള്‍ക്ക് അപകട സ്ഥലം സന്ദര്‍ശിക്കാനായത്. 

Tags:    

Similar News