ആരോഗ്യവകുപ്പ് മരവിപ്പിച്ച കാര്‍ത്യായനിയുടെ ബാങ്ക് അക്കൗണ്ട് പുനസ്ഥാപിക്കാന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കി മന്ത്രി
അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ മരുന്ന് വാങ്ങാന്‍ വിഷമിക്കുന്ന തൂക്കുപാലം സ്വദേശിയും കാന്‍സര്‍ രോഗിയുമായ എഴുപതുകാരിയുടെ വാര്‍ത്ത ഇന്നലെയാണ് പുറത്ത് വന്നത്
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ബാങ്ക് അക്കൗണ്ട് മരവിപ്പച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇടുക്കിയിലെ കാര്‍ത്യായനിയുടെ ദുരവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടുന്നു. കാര്‍ത്യായനിയുടെ ബാങ്ക് അക്കൗണ്ട് പുനസ്ഥാപിക്കും. അടിയന്തര നടപടിക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ മരുന്ന് വാങ്ങാന്‍ പോലും വിഷമിക്കുന്ന ഇടുക്കി തൂക്കുപാലം സ്വദേശിയും കാന്‍സര്‍ രോഗിയുമായ എഴുപതുകാരിയുടെ അവസ്ഥയെപ്പറ്റിയുള്ള വാര്‍ത്ത കണ്ടാണ് മന്ത്രിയുടെ ഇടപെടല്‍.
ആറുവര്‍ഷമായി ക്യാന്‍സര്‍ ചികിത്സയിലാണ് വിധവയായ കാര്‍ത്യായനി. രോഗം ബാധിച്ചപ്പോള്‍ ചികിത്സ സഹായത്തിനായി അപേക്ഷിച്ചിരുന്നു. 2018 ജൂലൈയില്‍ 50,000 രൂപ അക്കൌണ്ടിലെത്തി. അതേവര്‍ഷം ഒക്ടോബറില്‍ വീണ്ടും 50,000 കൂടി എത്തി. ആരോഗ്യവകുപ്പിന് പറ്റിയ പിഴവു മൂലമാണ് ഇവരുടെ അക്കൗണ്ടിലേക്ക് പണമെത്തിയത്.
എഴുത്തും വായനയും അറിയാത്ത കാര്‍ത്യായനി ബാങ്കിലെത്തി അക്കൗണ്ടില്‍ പണമുണ്ടോയെന്ന് അന്വേഷിച്ച് അത്യാവശ്യത്തിനുള്ളത് എടുക്കുകയാണ് ചെയ്യുന്നത്. തൊഴിലുറപ്പ് പണിക്കൂലിയും പെന്‍ഷനുമെല്ലാം ഈ അക്കൗണ്ടിലാണ് വരുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോകാന്‍ പണമെടുക്കാനെത്തിയപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ചതായി ബാങ്ക് അധികൃതര്‍ പറഞ്ഞത്.