കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്;സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കും
അതേസമയം കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതില്‍ ഏഴ് പേരെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റാനും തീരുമാനം
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരെ ഒമ്പതംഗ ഉന്നതതല സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരിച്ചെടുക്കും.ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിശദീകരിച്ചാണ് നടപടി.അന്വേഷണത്തിനായി നിയോഗിച്ച സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 14 പേരെ തിരിച്ചെടുക്കണമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് ഉത്തരവിട്ടത്.
അതേസമയം കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതില്‍ ഏഴ് പേരെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റാനും തീരുമാനം. അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത 16 പേരില്‍ രണ്ട് പേര്‍ വിരമിച്ചവരാണ്. ഇതില്‍ ഒരാള്‍ക്കെതിരെ നടപടി പിന്‍വലിച്ചപ്പോള്‍ ഒരാള്‍ക്കെതിരെ നടപടി തുടരാനും തീരുമാനിച്ചു.
തൃശൂര്‍ സിആര്‍പി സെക്ഷന്‍ ഇന്‍സ്‌പെക്ടര്‍ കെ ര്‍ ബിനു, മുകുന്ദപുരം സീനിയര്‍ ഓഡിറ്റര്‍ ധനൂപ് എം സ്,കെ ഓ പീയൂസ്, വി വി പ്രീതി, എ ജെ രാജി, പി രാമചന്ദ്രന്‍, ടി കെ ഷേര്‍ലി എന്നിവര്‍ക്കെതിരേയുളള നടപടിയാണ് പിന്‍വലിച്ചത്. കുറ്റാരോപണങ്ങളില്‍ മതിയായ തെളിവുകള്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കുന്നതായി ഉത്തരവില്‍ പറയുന്നു.കുറ്റാരോപണത്തില്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍ ചാലക്കുടി അസി. രജിസ്ട്രാര്‍ കെ ഒ ഡേവിസിനെതിരെയുള്ള നടപടിയും അവസാനിപ്പിച്ചു.
കൃത്യനിര്‍വഹണത്തില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ കേരളബാങ്ക് പാലക്കാട് ജോയിന്റ് ഡയറക്ടര്‍ എം ഡി രഘു സര്‍വീസില്‍ നിന്നും വിരമിച്ചുവെങ്കിലും ഇദ്ദേഹത്തിനെതിരെയുള്ള അച്ചടക്ക നടപടി തുടരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. നടപടി നേരിട്ടിരുന്നവര്‍ കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേട് നടന്ന 2014 മുതലുള്ള കാലയളവില്‍ ബാങ്കിന്റെ മേല്‍നോട്ട ചുമതലയുള്ള തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫിസില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചിരുന്നവരാണ്. ബാങ്കിലെ വീഴ്ചകള്‍ കണ്ടെത്താനോ, സമയബന്ധിതമായി നടപടിയെടുക്കാനോ ഇവര്‍ക്കായില്ലെന്ന് ചൂട്ടിക്കാട്ടിയാണ് 2021 ആഗസ്റ്റ് 16ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.
മുന്നൂറ് കോടിയിലേറെ രൂപയുടെ ക്രമക്കേട് സംബന്ധിച്ച് സിപിഎം നേതാക്കളായ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ക്കെതിരെയുള്ള പോലിസ് അന്വേഷണം നടന്നു വരികയാണ്.