കൊച്ചി: കെഎഎസ് പരീക്ഷ തടയണമെന്ന സമസ്ത നായര്‍ സമാജത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് ഫെബ്രുവരി 22ന് നിശ്ചയിച്ച പരീക്ഷ തടയണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. എന്നാല്‍ പരീക്ഷയ്ക്കു ശേഷമുള്ള സ്ട്രീം 2, 3 പ്രകാരമുള്ളവരുടെ അഡൈ്വസ്, നിയമനം എന്നിവ കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ ഭാവിയിലുണ്ടാവുന്ന വിധിക്ക് അനുസൃതമായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സ്ട്രീം 2 ഉം 3ഉം നിലവില്‍ സര്‍വീസിലുള്ളവര്‍ക്ക് നീക്കിവച്ചിട്ടുള്ള ഒഴിവുകളാണ്. 2, 3 സ്ട്രീമുകളിലും പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്താണ് സമസ്ത നായര്‍ സമാജം ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍, മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് കമ്മീഷന്‍ ട്രസ്റ്റ്, പട്ടികജാതി ക്ഷേമസമിതി എന്നിവര്‍ കേസില്‍ എതിര്‍കക്ഷികളാണ്.