കണ്ണൂര്‍ വിമാനത്താവളത്തില്‍ 80 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. 80 ലക്ഷം രൂപ വിലമതിക്കുന്ന 1516 ഗ്രാം സ്വര്‍ണമാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് കസ്റ്റംസും എയര്‍ ഇന്റലിജന്‍സ് യൂണിറ്റും പിടികൂടിയത്. അബുദാബിയില്‍ നിന്നും ഐഎക്‌സ് 716 എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ കാസര്‍കോട് ഹിദായത്ത് നഗര്‍ ന്യൂ കോപ്പയില്‍ കന്നിക്കാട് ഹൗസില്‍ അബ്ദുല്‍ തൗഫീഖില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മിനി കൂളറില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം. കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടിപി മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ വിപി ബേബി, മുരളി, ഇന്‍സ്‌പെക്ടര്‍മാരായ എംകെ രാമചന്ദ്രന്‍, അശ്വിന നായര്‍, പങ്കജ്, സൂരജ് ഗുപ്ത, ഹെഡ് ഹവില്‍ദാര്‍ ശശീന്ദ്രന്‍, വനിത പരിശോധക ശിശിര, അസിസ്റ്റന്റ്മാരായ പവിത്രന്‍, ഹാരിഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വര്‍ണം പിടികൂടിയത്.