തിരുവനന്തപുരം: വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സനായി കെ സി റോസക്കുട്ടി ചുമതലയേറ്റു. ലിംഗ അസമത്വം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ശ്രമം നടത്തും. സ്ത്രീകളുടെ സാമ്പത്തിക പുരോഗതിയാണ് ലക്ഷ്യം. ട്രാന്‍സ് ജന്‍ഡഴ്‌സ് സമൂഹം അനുഭവിക്കുന്ന ധാരാളം പ്രശ്‌നങ്ങളുണ്ട്. അവര്‍ക്കായി സിഎസ്ആര്‍ ഫണ്ട് 2 ശതമാനം മാറ്റി വയ്ക്കും. കുടുംബശ്രീയുമായി യോജിച്ചു എല്ലാ വകുപ്പുകളിലും സംയുക്തമായി മുന്നോട്ട് പോവുകയാണ് ലക്ഷ്യം. സിംഗിള്‍ അമ്മമാര്‍ക്കായി പ്രത്യേക കരുതല്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി മുന്‍ എം.എല്‍.എയും, കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന റോസക്കുട്ടി, യുഡിഎഫ് ഭരണകാലത്ത് വനിത കമ്മീഷന്‍ അധ്യക്ഷയായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകാലത്താണ് സ്ഥാനാര്‍ഥിനിര്‍ണയത്തെ ചൊല്ലി പാര്‍ട്ടിയുമായി ഇടഞ്ഞ് ഇടതുപാളയത്തിലേക്ക് മാറിയത്. കെഎസ് സലീഖ സ്ഥാനമൊഴിഞ്ഞതോടെയാണ് സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സനായി എല്‍ഡിഎഫ് സര്‍ക്കാര്‍ കെസി റോസക്കുട്ടിയെ നിയമിക്കുന്നത്