കെഡിഎഫ്എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പദവി ബിജെപി നേതാവിന് നല്‍കിയതിനു പിന്നിലെ ധാരണ സിപിഎം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്

ബിജെപി സംസ്ഥാന സെക്രട്ടറി പി രഘുനാഥിനാണ് സിപിഎം നേതൃത്വം വെള്ളിത്തളികയില്‍ വെച്ചു കെഡിഎഫ്എ പ്രസിഡന്റ് സ്ഥാനം കൈമാറിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിപിഎം കുത്തകയാക്കി വെച്ച പദവിയാണിത്.

Update: 2020-07-28 06:01 GMT

കോഴിക്കോട്: ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ (കെഡിഎഫ്എ) പ്രസിഡന്റ് സ്ഥാനം ബിജെപി നേതാവിന് സമ്മാനിച്ചത് എന്തു ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും കോഴിക്കോട് ജില്ലാ കമ്മിറ്റിയും വ്യക്തമാക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന സെക്രട്ടറി പി രഘുനാഥിനാണ് സിപിഎം നേതൃത്വം വെള്ളിത്തളികയില്‍ വെച്ചു കെഡിഎഫ്എ പ്രസിഡന്റ് സ്ഥാനം കൈമാറിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിപിഎം കുത്തകയാക്കി വെച്ച പദവിയാണിത്. എ പ്രദീപ് കുമാര്‍ എംഎല്‍എയെ പോലുള്ളവര്‍ ഒന്നിലേറെ ടേമില്‍ കെഡിഎഫ്എ പ്രസിഡന്റായിരുന്നിട്ടുണ്ട്.

കേന്ദ്രമന്ത്രി വി മുരളീധരന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും വിശ്വസ്തനായ ബിജെപി നേതാവിന് ഇത്തരത്തിലൊരു സ്ഥാനം നല്‍കിയത് സിപിഎമ്മിന്റെ ഉന്നത തലത്തില്‍ ആലോചന നടത്തിയ ശേഷമാണെന്ന് വ്യക്തമാണ്. സിപിഎം ഒരു തവണ കൂടി വന്നാലേ തങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ കഴിയൂ എന്ന ചിന്താഗതിയിലാണ് സംസ്ഥാന ബിജെപി നേതാക്കളില്‍ പ്രബലമായ വിഭാഗം. കോണ്‍ഗ്രസിനെ തകര്‍ത്താലേ ബിജെപിക്ക് വഴി തുറന്നു കിട്ടൂ എന്നാണ് അവരുടെ വിശ്വാസം. അവരുമായി കോണ്‍ഗ്രസ് കൂട്ടു കൂടുന്നു എന്ന കൊടിയേരി ബാലകൃഷ്ണന്റെ ആരോപണം ബിജെപി യുമായുള്ള അന്തര്‍ധാരക്കു മറയിടലാണ്. 1977ല്‍ ഇന്നത്തെ ബിജെപിയുടെ ആദ്യ രൂപമായ ജനസംഘം നയിച്ച ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിച്ച പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസിനെതിരേ ആരോപണം ഉന്നയിക്കുമ്പോള്‍ കൊടിയേരി ഇതു കൂടി ഓര്‍ക്കുന്നത് നന്നാകും.

Tags:    

Similar News