കെജ്‌രിവാളിൻ്റെ മോചനം: ഹരിയാനയിൽ നേട്ടം മോഹിച്ച് ബിജെപി

Update: 2024-09-15 06:56 GMT

ചണ്ഡീഗഡ്: കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കലിൻ്റെ ഫലമായി ആറുമാസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ കെജ്‌രിവാൾ ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാവുന്നത് ബിജെപിക്ക് പ്രതീക്ഷയേകുന്നു. കോൺഗ്രസുമായി സീറ്റ് ധാരണയിൽ തെറ്റിപ്പിരിഞ്ഞ എഎപി മൽസര രംഗത്ത് ശക്തമായ സാന്നിധ്യമാവുമ്പോൾ പ്രതിപക്ഷ നിരയിൽ വിള്ളൽ വീഴ്ത്തി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ജയിൽമോചിതനായ കെജ്‌രിവാൾ പ്രചാരണ രംഗത്ത് പ്രധാന സാന്നിധ്യമാവുന്നതോടെ രൂപപ്പെടുന്ന സഹതാപ തരംഗത്തിൽ ഭരണവിരുദ്ധ വികാരത്തിന് ശക്തി കുറയുമെന്നും ബിജെപി കരുതുന്നു

അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് - എഎപി സഖ്യ ചർച്ച ഫലം കാണാത്ത സാഹചര്യത്തിൽ 90 സീറ്റുകളിലും എഎപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യ എതിരാളിയായ കോൺഗ്രസുമായി കടുത്ത മൽസരത്തിൽ തളച്ചിടപ്പെട്ട ബിജെപിക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ് പുതിയ സാഹചര്യം.

കെജ്‌രിവാളിൻ്റെ മാതൃസംസ്ഥാനമാണ് ഹരിയാന. അവിടെ കെജ്‌രിവാൾ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നൽകുമ്പോൾ നല്ലൊരു ശതമാനം വോട്ടുകൾ അവർ സ്വന്തമാക്കുമെന്നും ഫലത്തിൽ അത് ഭരണത്തിലിരിക്കുന്ന ബിജെപിക്ക് സഹായകമായി പരിണമിക്കുമെന്നുമാണ് ബിജെപിയിലെ തിരഞ്ഞെടുപ്പു വിദഗ്ധരുടെ പ്രതീക്ഷ.

സംസ്ഥാനത്ത് മൂന്നാമൂഴം മനസ്സിൽ കണ്ടാണ് ബിജെപി ഗോദയിലിറങ്ങിയത്. എന്നാൽ അതത്ര എളുപ്പമല്ലെന്ന് അവർ തന്നെ വിലയിരുത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ അതിൻ്റെ വ്യക്തമായ സൂചനയുമായിരുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ഹരിയാന തൂത്തുവാരിയ ബിജെപിക്ക് പക്ഷേ, 2024 ൽ അടിപതറി. 10ൽ 5 സീറ്റും കോൺഗ്രസ് കൈയടക്കിയത് ബിജെപിക്കേറ്റ തിരിച്ചടിയായിരുന്നു.

100 കോടിയുടെ മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന് വെള്ളിയാഴ്ച ജാമ്യം ലഭിച്ചതിൽ സന്തുഷ്ടി പ്രകടിപ്പിച്ച് ഹരിയാന എഎപി അധ്യക്ഷൻ സുശീൽ ഗുപ്ത പറഞ്ഞത് ഇരട്ടി ഊർജത്തോടെയാണ് ഇനി ഞങ്ങളുടെ തിരഞ്ഞെടുപ്പു പോരാട്ടമെന്നും കെജ്‌രിവാൾ ഉടൻ തന്നെ പ്രചാരണത്തിനിറങ്ങുമെന്നുമാണ്.

എഎപി നേതാവിൻ്റെ ആവേശപൂർവമായ ഈ പ്രതികരണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ചാണക്യന്മാരുടെ മനസ്സിൽ കുളിർ കോരുന്നതായി. "ഹരിയാന കെജ്‌രിവാളിന്റെ മാതൃസംസ്ഥാനമാണ്. ആം ആദ്മി പാർട്ടി ഇവിടെ ചിറക് വിരുത്താൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ബിജെപി വിരുദ്ധ വോട്ടിൽ നല്ലൊരു പങ്കും എഎപി സ്വന്തമാക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ" - ഹരിയാനയിൽ നിന്നുള്ള ബിജെപി എംപി പറഞ്ഞു.

2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമാണ് ഹരിയാനയിലെ ബിജെപിയുടെ പ്രതീക്ഷകൾക്ക് ആധാരം. അവിടെ അന്ന് എഎപി വഹിച്ച അതേ റോളാണ് ഇന്ന് ഹരിയാനയിലും അവർ കളിക്കുന്നത്. ഭരണവിരുദ്ധ വികാരം മുതലാക്കി നല്ലൊരു ശതമാനം ബിജെപി വിരുന്ന വോട്ടുകളും എഎപി കരസ്ഥമാക്കിയപ്പോൾ ഗുജറാത്തിൽ ബിജെപിയുടെ മുഖ്യ എതിരാളിയായ കോൺഗ്രസ് മൂക്കുകുത്തി വീണു. 182ൽ 156 സീറ്റുകളും ബിജെപി തൂത്തുവാരി. ചുരുങ്ങിയത് 50 സീറ്റുകളിലെങ്കിലും എഎപിയുടെ സാന്നിധ്യം ബിജെപിക്ക് ഗുണം ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശകലനം വ്യക്തമാക്കിയത്. ആ പ്രവണത ഹരിയാനയിലും ആവർത്തിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

ബിജെപിയുടെ പ്രതീക്ഷയെ ബലപ്പെടുത്തുന്ന ചില ഘടകങ്ങൾ ഹരിയാന തിരഞ്ഞെടുപ്പിലും പ്രകടമാണ്. ഒളിമ്പിക്സിൽ തലനാരിഴയ്ക്ക് സ്വർണം നഷ്ടപ്പെട്ട വനിതാ ഗുസ്തി താരവും ജുലാന മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ വിനേഷ് ഫോഗട്ടിനെതിരേ എഎപി മൽസരിപ്പിക്കുന്നത് ഇന്ത്യയുടെ പ്രഥമ വനിതാ ഗുസ്തി താരമായ കവിത ദലാലിനെയാണ്. പാർട്ടിയുടെ യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് യോഗേഷ് ബൈരാഗിയാണ് ബിജെപി സ്ഥാനാർഥി. കടുത്ത ത്രികോണ മൽസരത്തിനായിരിക്കും ജുലാന വേദിയാവുന്നത്.

പ്രതിപക്ഷനിരയിലെ അനൈക്യം തീർച്ചയായും ബിജെപിയുടെ മോഹങ്ങൾക്ക് ചിറകുമുളപ്പിക്കുന്നതാണ്. എഎപിക്ക് പുറമെ ബിജെപി വിരുദ്ധ വോട്ടുകൾ ലക്ഷ്യം വച്ച് മൽസരിക്കുന്ന വേറെയും പാർട്ടികളുണ്ട്. നേരത്തെ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ജെജെപി, ഐഎൻഎൽഡി - ബിഎസ്പി സഖ്യം തുടങ്ങിയവയാണവ. ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ ദുഷ്യന്ത് ചൗത്താലയുടെ ജെജെപിയുമായുള്ള ബന്ധം ബിജെപി വിച്ഛേദിച്ചത് പ്രതിപക്ഷ നിരയിലെ വോട്ടുകൾ ഭിന്നിപ്പിക്കുകയെന്ന വിശാല തന്ത്രത്തിൻ്റെ ഭാഗമായായിരുന്നു. ഇതെല്ലാം കോൺഗ്രസിന് പ്രതികൂലമായ ഘടകങ്ങളാണ്.

കാര്യങ്ങൾ ഈ നിലയിൽ തുടർന്നാൽ പ്രതിപക്ഷത്ത് വോട്ട് ചോർച്ചയുണ്ടാവാനുള്ള സാധ്യത ഏറെയാണെന്നും അങ്ങനെ സംഭവിച്ചാൽ ഹരിയാന നിശ്ചയമായും തങ്ങളുടെ കൈയിലിരിക്കുമെന്നുമാണ് ബിജെപി കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്.

Tags:    

Similar News