തൃശൂർ ജില്ലയിൽ അഞ്ച് ഇടങ്ങളിൽ പ്രളയ സാധ്യത മോക്ക് ഡ്രിൽ

Update: 2022-12-27 12:21 GMT


തൃശൂർ: 

കേരളത്തിലെ പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മോക്ക്ഡ്രിൽ ജില്ലയിൽ അഞ്ചിടങ്ങളിൽ നടക്കും. കേന്ദ്ര, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ നേതൃത്വത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്. താലൂക്ക് അടിസ്ഥാനത്തിൽ നാളെയാണ് ( ഡിസംബർ 29) മോക്ക് ഡ്രില്ലുകൾ നടക്കുക. ജില്ലയിൽ പ്രളയ സാധ്യത മോക്ക് ഡ്രില്ലാണ് നടത്തുന്നത്. 


 മുകുന്ദപുരം താലൂക്കിൽ പടിയൂർ പഞ്ചായത്തിലെ ചുള്ളിപ്പാലം, തൃശൂർ താലൂക്കിലെ കോർപ്പറേഷൻ കീഴിലുള്ള പള്ളിക്കുളം, ചാവക്കാട് താലൂക്കിൽ ചാവക്കാട് മുൻസിപ്പൽ ഗ്രൗണ്ടിന് സമീപമുള്ള കനോലി കനാൽ, ചാലക്കുടി താലൂക്കിൽ മുൻസിപ്പാലിറ്റി പരിധിയിലെ ആറാട്ടുകടവ്, കുന്നംകുളം താലൂക്കിൽ മുൻസിപ്പാലിറ്റി പരിധിയിലെ ചട്ടുകുളം എന്നിവിടങ്ങളിലായാണ് മോക്ക് ഡ്രിൽ നടത്തുക.  


ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ - രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങൾ ഇതിലൂടെ വിലയിരുത്തപ്പെടും.

Similar News