ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മാത്രം കൊവിഡ് പരിശോധന: പ്രവാസികളോടുള്ള അനീതി പുതിയ രൂപത്തില്‍

യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിന് മുമ്പായി ആര്‍ടിപിസിആര്‍ ടെസ്റ്റോ ആന്റി ബോഡി ടെസ്റ്റോ സ്വന്തം ചെലവില്‍ പ്രവാസികള്‍ ചെയ്യണം. ഇത്തരത്തില്‍ ടെസ്റ്റ് നടത്തി പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാവും ജൂണ്‍ 20 മുതല്‍ യാത്രാനുമതി ലഭിക്കുക.

Update: 2020-06-12 17:19 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് കടുത്ത അവഗണന നേരിടുന്നതായ പരാതികള്‍ നിലനില്‍ക്കെ വീണ്ടും ഇരുട്ടടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. പരിശോധനയില്‍ ഫലം നെഗറ്റീവായവര്‍ക്ക് മാത്രമായിരിക്കും കേരളത്തിലേക്ക് യാത്രാനുമതി നല്‍കുക. മാത്രമല്ല, ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്നവര്‍ സ്വന്തം ചെലവില്‍ വേണം കൊവിഡ് പരിശോധന നടത്താന്‍. കേരളത്തിലേക്ക് വരും ദിവസങ്ങളില്‍ വലിയതോതില്‍ ചാര്‍ട്ടേഡ് വിമാനങ്ങളെത്താനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിന് മുമ്പായി ആര്‍ടിപിസിആര്‍ ടെസ്റ്റോ ആന്റി ബോഡി ടെസ്റ്റോ സ്വന്തം ചെലവില്‍ പ്രവാസികള്‍ ചെയ്യണം. ഇത്തരത്തില്‍ ടെസ്റ്റ് നടത്തി പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാവും ജൂണ്‍ 20 മുതല്‍ യാത്രാനുമതി ലഭിക്കുക. വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ലായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്യുന്നവരാണ് യാത്രക്കാര്‍ പരിശോധന നടത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കേണ്ടത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിലെത്തുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയിട്ടില്ല. കേരളത്തിലേക്ക് വരുന്നവരില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. എന്നാല്‍, ജോലിയും വരുമാനവും നഷ്ടപ്പെട്ട് വിദേശത്ത് നിന്നും നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുന്ന പ്രവാസി സമൂഹത്തിന് വലിയ തിരിച്ചടിയാണ് ഈ നടപടി.




Tags:    

Similar News