അടിച്ച് നടുവൊടിച്ചാലും ലാത്തി ഒടിയില്ല: കേരള പോലീസിന് ഇനി ഫൈബര്‍ ലാത്തി
ലാത്തിക്കു പുറമെ പുതിയ ബാരിക്കേഡുകള്‍ക്കും പോലീസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
കോഴിക്കോട്: കേരളാ പോലീസ് ഇനി ധൈര്യമായി സമരക്കാരെ തല്ലാം.അടിച്ച് നടുവൊടിച്ചാലും ലാത്തി ഒടിയില്ല. സമരക്കാരെ നേരിടാന്‍ 30 ലക്ഷം രൂപ ചിലവിട്ട് 2000 ഫൈബര്‍ ലാത്തിയാണ് പോലീസ് വാങ്ങുന്നത്. സമരക്കാരെ നേരിടുമ്പോള്‍ ലാത്തികള്‍ ഒടിയുന്നത് ഒഴിവാക്കാനാണ് പൊട്ടാത്ത ഫൈബര്‍ ലാത്തി വാങ്ങുന്നത്. ഇതിന് 3 വര്‍ഷ വാറന്റിയുമുണ്ട്. എആര്‍ ക്യാംപുകളിലും പൊലീസ് സ്റ്റേഷനുകളിലും ലാത്തികള്‍ വീതിച്ചു നല്‍കും. മുള കൊണ്ടുള്ള ലാത്തികളാണു സേനയില്‍ കൂടുതല്‍. ഇടയ്ക്കു പ്ലാസ്റ്റിക് ലാത്തി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല.
ലാത്തിക്കു പുറമെ പുതിയ ബാരിക്കേഡുകള്‍ക്കും പോലീസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 16 ലക്ഷം രൂപ ചെലവിട്ട് 64 ബാരിക്കേഡുകളാണ് വാങ്ങുന്നത്. മൂന്ന് വര്‍ഷം മുന്‍പു വാങ്ങിയ പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ ഒടിഞ്ഞതു വിവാദത്തിനിടയാക്കിയിരുന്നു. 2017ല്‍ ഉത്തരേന്ത്യന്‍ കമ്പനികളില്‍ നിന്നാണ് പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ കേരള പൊലീസ് വാങ്ങിയത്.