തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം പാതിവഴിയില്‍ നിര്‍ത്തിയത് പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. അതിനിടെ വിവാദമായ കലോത്സവം കോഴക്കേസില്‍ കുറ്റാരോപിതരായ നൃത്ത പരിശീലകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതികളായ ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ തീരുമാനം. കലോത്സവം അലങ്കോലപ്പെടാനുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നാലംഗ സമിതിയെ നിയമിച്ചു. സമിതി ഒരാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം. ഡോ. ഗോപ് ചന്ദ്രന്‍, അഡ്വ. ജി മുരളീധരന്‍, മുന്‍ എംഎല്‍എ ആര്‍ രാജേഷ്, ഡോ. ജയന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സമിതിയുടെ റിപോര്‍ട്ട് ലഭിച്ച ശേഷം സര്‍വകലാശാല കലോത്സവം നടത്തുന്നതിനുള്ള കാലാവധി രണ്ട് മാസം കൂടി നീട്ടുന്നതില്‍ തീരുമാനമെടുക്കും. കലോത്സവം ഭാവിയില്‍ പരിഷ്‌കരിക്കുന്നതിന് സമഗ്രമായി പഠിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാനും സിന്റിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളും കലാ സാഹിത്യ രംഗത്തെ പ്രമുഖരും അംഗങ്ങളാകും.