പട്ടികജാതി ഭവനനിര്‍മാണ ഫണ്ട് തിരിമറി; കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി
ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ് അരീക്കോട് പട്ടികജാതി വികസന ഓഫീസര്‍ സുരേഷ് കുമാര്‍ നടത്തിയത്.
മലപ്പുറം: അരീക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി ഭവനനിര്‍മാണ ഫണ്ട് തിരിമറി നടത്തിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ ഉറപ്പു നല്‍കി. ഫണ്ട് തിരിമറിയില്‍ അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കിയ സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ് അരീക്കോട് പട്ടികജാതി വികസന ഓഫീസര്‍ സുരേഷ് കുമാര്‍ നടത്തിയത്. പട്ടികജാതി കുടുംബങ്ങളുടെ വീട് നിര്‍മാണത്തിനുള്ള അരക്കോടിയോളം രൂപയാണ് വ്യാജ ബാങ്ക് അക്കൗണ്ടിലൂടെ തട്ടിയെടുത്തത്. നേരത്തെ ജോലി ചെയ്ത മങ്കട, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തുകളിലും ഇത്തരം സാമ്പത്തിക ക്രമക്കേട് നടത്തിയതായാണ് പുറത്തുവരുന്ന വിവരമെന്നും പരാതിയില്‍ പറഞ്ഞു. ഈ ഉദ്യോഗസ്ഥന്‍ ജോലിചെയ്ത മുഴുവന്‍ ഓഫീസുകളിലും പ്രത്യേക പരിശോധന നടത്താന്‍ നടപടി സ്വീകരിച്ചതായും പണം തട്ടിപ്പിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണം ത്വരിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
കണ്ണൂര്‍ ജില്ല പട്ടികജാതി അസിന്റ് വികസന ഓഫിസറും മുന്‍ അരീക്കോട് ബ്ലോക്ക് പട്ടികജാതി ഓഫിസറുമായ മഞ്ചേരി സ്വദേശി സുരേഷ്‌കുമാറിനെ ഫണ്ട് മോഷണവുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്തിരുന്നു. അരീക്കോട് പോലിസ് ഇയാള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.