70 ലക്ഷം രൂപ തട്ടിയെടുത്ത മുന്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ അറസ്റ്റില്‍

ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിന് പകരം സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്

Update: 2021-08-31 17:11 GMT

അരീക്കോട് :എഴുപത് ലക്ഷം സാമ്പത്തിക തട്ടിപ്പ് നടത്തിയ അരീക്കോട് മുന്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ അറസ്റ്റില്‍. കൂട്ടിലങ്ങാടി അരുണോദയത്തില്‍ എ സുരേഷ് കുമാര്‍ (53) നെയാണ് അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തത്. അരീക്കോട് ബ്ലോക്കിലെ പട്ടികജാതി ഭവന നിര്‍മ്മാണ ഫണ്ടില്‍ തിരിമറി നടത്തി 37.5 ലക്ഷത്തിലേറെ പണം തട്ടിയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് 70ലക്ഷം' തട്ടിപ്പ് നടത്തിയത് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് അരീക്കോട് പോലിസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാകുകയായിരുന്നു.


അരീക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വികസന ഓഫീസറായിരുന്ന 2016 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് വിവിധ ഫണ്ടുകളില്‍ തിരിമറി നടത്തിയത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിന് പകരം സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇരുപത്തിനാലോളം ഗുണഭോക്താക്കളാണ് പരാതി നല്‍കിയത്. ഏതാണ്ട് 70 ലക്ഷം രൂപയാണ് ഇങ്ങനെ തിരിമറി നടത്തിയത്.


ഗുണഭോക്താക്കളുടെ പേരില്‍ കള്ള രേഖകള്‍ ഉണ്ടാക്കിയാണ് പണം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്. പട്ടികജാതി ഭവന നിര്‍മ്മാണ ഫണ്ട് ഇനത്തില്‍ ഗുണഭോക്താക്കള്‍ യഥാസമയത്ത് കൈപറ്റാതെ പോയ വിവിധ ഗഡുക്കളിലാണ് ഇയാള്‍ വെട്ടിപ്പ് നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ നല്‍കിയ പരാതിയിലാണ് സുരേഷിനെതിരെ പോലീസ് കേസ് എടുത്തത്. നിലവില്‍ കണ്ണൂര്‍ ജില്ല പട്ടികജാതി അസിസ്റ്റന്റ് വികസന ഓഫീസറാണ്. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.


മുന്‍കൂര്‍ ജാമ്യത്തിന്റെ കാലാവധി കഴിഞ്ഞതിനാലാണ് അറസ്റ്റ്. പ്രതിയെ പതിനാല് ദിവസത്തെക്ക് റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തി കൂട്ടുപ്രതികളെ കൂടി ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് അരീക്കോട് ഇന്‍സ്‌പെക്ടര്‍ ലൈജുമോന്‍ പറഞ്ഞു.




Tags:    

Similar News