ഇത് അരീക്കോടന്‍ മാതൃക; കാറ് കയറി നായക്കുട്ടി കൊല്ലപ്പെട്ടതിന് ദരിദ്ര കുടുംബത്തിന് വീടൊരുക്കി പ്രായശ്ചിത്തം

അരീക്കോട് ജനമൈത്രി പോലിസും നന്‍മ കൂട്ടായ്മയും വാഹന ഉടമയുടെ നല്ല മനസ്സിനോട് ചേര്‍ന്നു നില്‍ക്കാന്‍ തീരുമാനിച്ചു

Update: 2021-06-02 13:29 GMT

കൃഷ്ണന്‍ എരഞ്ഞിക്കല്‍


മലപ്പുറം: അറിയാതെയാണെങ്കിലും ഒരു മൃഗത്തിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയതിനു പ്രയശ്ചിത്തമായി നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനം. അരീക്കോട് ബസ് സ്റ്റാന്റില്‍ കാറിനടിയില്‍പ്പെട്ട് തെരുവ്‌നായക്കുട്ടി കൊല്ലപ്പെട്ടതിന് പ്രായശ്ചിത്തമായിട്ടാണ് കാറുടമ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുന്നത്. കാവനൂര്‍ പന്ത്രണ്ടിങ്ങല്‍ സ്വദേശിയും കുവൈറ്റില്‍ വ്യവസായിയുമായ വ്യക്തിയാണ് അറിയാതെ സംഭവിച്ച പിഴവിന് പരിഹാരമായി നിര്‍ധന കുടുംബത്തിന് വീടൊരുക്കുന്നത്.


ഇക്കഴിഞ്ഞ ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ അരീക്കോട് ബസ്സ്റ്റാന്റിലൂടെ കാര്‍ ഓടിച്ച് പോകുന്നതിനിടെയാണ് നായകുട്ടി കാറിനടിയില്‍പ്പെട്ട് കൊല്ലപ്പെട്ടത്. ഇതറിയാതെ വാഹന ഉടമ കാര്‍ നിര്‍ത്താതെ പോയി. ജീവന്‍വെടിഞ്ഞ നായക്കുട്ടിയെ ഉണര്‍ത്താന്‍ തള്ളപ്പട്ടി ശ്രമിക്കുന്നുണ്ടായിരുന്നു. ഇത് കണ്ടുനിന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ഫോട്ടോയെടുത്ത് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരുന്നു. ഇതിനൊപ്പം കാറിന്റെ നമ്പറും കൊടുത്തിരുന്നു. ഈ പോസ്റ്റ് അരീക്കോട് ഇന്‍സ്‌പെക്ടര്‍ ഉമേഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തി. വാഹന ഉടമയെ കണ്ടെത്തുകയും ചെയ്തു.


അറിയാതെ സംഭവിച്ച അപകടത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാണെന്ന് വാഹന ഉടമ അരീക്കോട് നന്‍മ കൂട്ടായ്മ ഭാരവാഹികളെ അറിയിച്ചു. വിവരം അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടറോടും പറഞ്ഞു. തുടര്‍ന്നാണ്, അരീക്കോട് പതിനഞ്ചാം വാര്‍ഡിലെ നിര്‍ധന കുടുംബത്തിന് വീടിന് മേല്‍കൂര പണിയാം എന്ന ആശയം മുന്നോട്ട് വന്നത്. മേല്‍ക്കൂര നിര്‍മിച്ചു നല്‍കാനായി വാഹന ഉടമയും അരിക്കോട് ഇന്‍സ്‌പെക്ടറും നന്‍മ കൂട്ടായ്മയിലെ മുജീബ് മേക്കൂത്തും പതിനഞ്ചാം വാര്‍ഡിലെ ചെമ്പാപറമ്പില്‍ പയങ്കരന്‍ കൃഷ്ണന്‍ എന്നയാളുടെ വീട്ടിലെത്തി. വീടിന്റെ അതിശോചനീയമായ അവസ്ഥ കണ്ട വാഹന ഉടമ വീട് തന്നെ നിര്‍മിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.


അരീക്കോട് ജനമൈത്രി പോലിസും നന്‍മ കൂട്ടായ്മയും വാഹന ഉടമയുടെ നല്ല മനസ്സിനോട് ചേര്‍ന്നു നില്‍ക്കാന്‍ തീരുമാനിച്ചു. ഇതോടെ അറിയാതെയാണെങ്കിലും മിണ്ടാപ്രാണിയോടു ചെയ്ത തെറ്റ് നിര്‍ധന കുടുംബത്തിന് വീട് ലഭിക്കാന്‍ കാരണമാകുകയാണ്. അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ ഉമേഷിന്റെ നേതൃത്വത്തില്‍ നന്മ കൂട്ടായ്മയുടെ സഹകരണത്തോടെയാണ് വീട് നിര്‍മാണം പൂര്‍ത്തിയാകുക.




Tags:    

Similar News