കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം സിഐയും കൂട്ടാളിയും അറസ്റ്റില്‍

Update: 2021-02-15 17:55 GMT

കോട്ടയം: കേസില്‍നിന്ന് ഒഴിവാക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ സിഐയെ അറസ്റ്റുചെയ്തു. മുണ്ടക്കയം സിഐ വി ഷിബു കുമാറാ (46) ണ് അറസ്റ്റിലായത്. അച്ഛനും മകനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ക്കാന്‍ ഒരുലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് കേസ്. ഷിബു കുമാറിന്റെ ഏജന്റ് സ്റ്റേഷനിലെ കാന്റീനിന്റെ നടത്തിപ്പുകാരന്‍ സുദീപിനെ (39) യും വിജിലന്‍സ് പിടികൂടി. അച്ഛനും മകനും തമ്മിലുള്ള അടിപിടിക്കേസില്‍നിന്നും മകനെ ഒഴിവാക്കുന്നതിനായാണ് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്.

വിജിലന്‍സ് എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. മുണ്ടക്കയം ഇളംകാട് സ്വദേശിയുടെ കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇയാളുടെ അച്ഛനും അമ്മയും തമ്മില്‍ കുടുംബപ്രശ്‌നം നിലവിലുണ്ടായിരുന്നു. ഇയാളുടെ അച്ഛനും സഹോദരനും താഴത്തെ നിലയിലും അമ്മയും യുവാവും രണ്ടാം നിലയിലുമാണ് കഴിഞ്ഞിരുന്നത്. രണ്ടുമാസം മുമ്പ് വീട്ടിലെത്തിയ യുവാവിനെ അച്ഛന്‍ ആക്രമിച്ചു. അച്ഛനെ ഇയാള്‍ തിരിച്ച് ആക്രമിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്നു യുവാവിനെതിരേ വധശ്രമത്തിനു പോലിസ് കേസെടുത്തു. ഇതില്‍നിന്ന് ഒഴിവാക്കുന്നതിനുവേണ്ടിയാണ് സിഐ കൈക്കൂലി വാങ്ങിയത്.

Tags:    

Similar News