മണ്ണെണ്ണ വിലവര്‍ധന മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളി; കേന്ദ്രസര്‍ക്കാര്‍ വിലകുറയ്ക്കണമെന്ന് ഫിഷറീസ് മന്ത്രി

Update: 2022-04-04 00:30 GMT

തിരുവനന്തപുരം: മണ്ണെണ്ണയുടെ വില അനുദിനം വര്‍ധിപ്പിക്കുന്നത് സാധാരണക്കാരോടും പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്നു ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ പൊതുവിപണിയിലെ വില 56 രൂപയായിരുന്നതാണ് ഇപ്പോള്‍ വര്‍ധിച്ച് 124 രൂപയായത്. 2022 ജനുവരി 18ന് 92.96 രൂപയായിരുന്നു പൊതുവിപണിയിലെ വില. രണ്ടര മാസക്കാലം കൊണ്ട് മണ്ണെണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവ് 30 രൂപയോളമാണ്. മണ്ണെണ്ണയുടെ വില പെട്രോളിന്റെയും ഡീസലിന്റെയും വിലയേക്കാള്‍ കൂടി നില്‍ക്കുന്ന ഒരു സാഹചര്യം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. പ്രധാനമായും മണ്ണെണ്ണയെ മത്സ്യബന്ധനത്തിനുള്ള ഇന്ധനമായി ആശ്രയിക്കുന്ന കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഈ വിലവര്‍ധനവ് താങ്ങാവുന്നതിലും അധികമാണ്.

ഇതിനു പുറമെ കഴിഞ്ഞ ദിവസം സിവില്‍ സപ്ലൈസ് വഴി മല്‍സ്യത്തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന മണ്ണെണ്ണയ്ക്ക് 19 രൂപ വര്‍ധിപ്പിച്ചു ലിറ്ററിന് 82 രൂപയാക്കിയത് മത്സ്യത്തൊഴിലാളികളെ ദുരിതക്കയത്തിലേക്ക് തള്ളിയിടുമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍ 59 രൂപയായിരുന്ന നിലയില്‍ നിന്നാണ് ഈ വര്‍ധനവ്. പൊതുവിപണിയില്‍ മണ്ണെണ്ണയുടെ വില കുതിച്ചുയരുന്ന സമയത്തും മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായിരുന്നതാണ് സിവില്‍ സപ്ലൈസ് വഴിയുള്ള ഈ മണ്ണെണ്ണ വിതരണം.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന 32,000 ത്തോളം വരുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് പ്രതിവര്‍ഷം ഏകദേശം രണ്ട് ലക്ഷം കിലോലിറ്റര്‍ മണ്ണെണ്ണയാണ് ആവശ്യമായി വരിക. എന്നാല്‍ വിവിധ കാലഘട്ടങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന മണ്ണെണ്ണയില്‍ ഗണ്യമായ കുറവ് വരുത്തിയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മണ്ണെണ്ണയുടെ പത്തുശതമാനം പോലും ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നില്ല. ആയതിനാല്‍ പരമ്പരാഗത തൊഴിലാളികള്‍ ഉയര്‍ന്ന വില നല്‍കി മണ്ണെണ്ണ പൊതുവിപണിയില്‍ നിന്നും വാങ്ങേണ്ടുന്ന സ്ഥിതിവിശേഷമാണുള്ളത്.

സംസ്ഥാനത്ത് കാര്‍ഷിക ആവശ്യത്തിനും ഉത്സവവേളകളിലെ മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കും മത്സ്യബന്ധനത്തിനും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന പ്രത്യേക വിഹിതമായ സബ്‌സിഡി രഹിത മണ്ണെണ്ണയുടെ വിലയും കുത്തനെ കൂട്ടിയിരിക്കുകയാണ്. നിലവില്‍ ഇത്തരത്തില്‍ അനുവദിക്കുന്ന സബ്‌സിഡി രഹിത മണ്ണെണ്ണയ്ക്ക് 82 രൂപയാണ് വില. സിവില്‍ സപ്ലൈസ് വകുപ്പ് വഴിയാണ് ഇത് അനുവദിക്കുന്നത്. മതിയായ അളവില്‍ മണ്ണെണ്ണ കേന്ദ്രം നല്‍കാത്തതിനാല്‍ ജനുവരി മാസത്തില്‍ അനുവദിക്കേണ്ട 129 ലിറ്ററിന് പകരമായി പെര്‍മിറ്റ് ഒന്നിന് 89 ലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് അനുവദിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇത് അനുവദിച്ചിട്ടുമില്ല.

പെട്രോളിയം ഉല്‍പങ്ങളുടെ വില നിര്‍ണ്ണയ അവകാശം എണ്ണ കമ്പനികള്‍ക്കായതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ മണ്ണെണ്ണയുടെയടക്കം വില ഉയരുന്നത്. പരമ്പരാഗത തൊഴില്‍ എന്ന നിലയിലും ഏറെ പിന്നോക്കാവസ്ഥയിലുള്ള ഒരു മേഖല എന്ന പരിഗണന നല്‍കിയും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം മണ്ണെണ്ണ വില കുറച്ചു നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി ഭരണപ്രതിപക്ഷ ഭേദമില്ലാതെ പ്രയത്‌നിക്കേണ്ടതായുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരാശാജനകവും നിഷേധാത്മകവുമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി സബ്‌സിഡി രഹിത മണ്ണെണ്ണ വിഹിതം കൂട്ടി നല്‍കുവാന്‍ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രിയ്ക്ക് രണ്ട് തവണ കത്ത് നല്‍കിയെങ്കിലും അനുകൂലതീരുമാനം ലഭ്യമായിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമുള്ള മണ്ണെണ്ണ കൃത്യതയും സുതാര്യതയും ഉറപ്പാക്കി ലാന്റിംഗ് സെന്ററുകളില്‍ തന്നെ മണ്ണെണ്ണ ബങ്കുകള്‍ സ്ഥാപിച്ച് മത്സ്യഫെഡ് മുഖേന വിതരണം ചെയ്യുന്നതിന് മത്സ്യഫെഡിനെ മൊത്തവിതരണ ഡീലര്‍ ആക്കുന്നതിനുള്ള അപേക്ഷയിലും നിഷേധാത്മക സമീപനമാണ് ഉണ്ടായത്.

പൊതുവിപണിയിലെയും സബ്‌സിഡി മുഖാന്തിരം വിതരണം ചെയ്യുന്നതുമായ മണ്ണെണ്ണയുടെ വിലവര്‍ധന അടിയന്തിരമായി പിന്‍വലിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മത്സ്യബന്ധനത്തിന് ആവശ്യമായത്രയും മണ്ണെണ്ണ വിലകുറച്ചു നല്‍കുവാന്‍ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Similar News