മധ്യസ്ഥരില്‍ നിന്ന് വെടിനിര്‍ത്തല്‍ ശുപാര്‍ശ ലഭിച്ചെന്ന് ഹമാസ്

Update: 2025-03-30 05:29 GMT

ഗസ സിറ്റി: ഗസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ശുപാര്‍ശ മധ്യസ്ഥരില്‍ നിന്നും ലഭിച്ചെന്ന് ഗസയിലെ ഹമാസ് മേധാവി ഖലീല്‍ അല്‍ ഹയ്യ. ഈ ശുപാര്‍ശ നടപ്പാക്കുന്നതിനെ ഇസ്രായേല്‍ എതിര്‍ക്കില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വലിയ ദുരിതങ്ങള്‍ നേരിട്ടിട്ടും ഫലസ്തീനികളുടെ പ്രതിരോധം പാറ പോലെ ഉറച്ചുനില്‍ക്കുകയാണ്. ഗസയില്‍ യുദ്ധം ചെയ്താല്‍ മാത്രമേ നെതന്യാഹുവിന് അധികാരത്തില്‍ തുടരാന്‍ കഴിയൂ. അതിനാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചവരാണ് അവര്‍. എന്നിട്ടും കരാര്‍ ഹമാസ് പാലിച്ചു. രണ്ടു ദിവസം മുമ്പ് ഈജിപ്തില്‍ നിന്നും ഖത്തറില്‍ നിന്നും ഞങ്ങള്‍ക്ക് ചില ശുപാര്‍ശകള്‍ ലഭിച്ചു. അത് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. സമ്മതിക്കുകയും ചെയ്തു. ഇനി ഇസ്രായേല്‍ വെടിനിര്‍ത്തലിന് തടസം സൃഷ്ടിക്കില്ലെന്നാണ് വിശ്വസിക്കുന്നത്.''-പ്രസ്താവന പറയുന്നു. ഗസയിലെ ഭാവി ഭരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. ആയുധങ്ങള്‍ ഹമാസിന്റെ ചുവപ്പ് രേഖയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗസയില്‍ 24 ഫലസ്തീനികളെ കൂടി ഇസ്രായേല്‍ സൈന്യം വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തി. വെസ്റ്റ്ബാങ്കില്‍ 22 വയസുള്ള ഒരു യുവാവിനെയും വെടിവച്ചു കൊന്നു. ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് യെമനിലെ സന്‍ആയിലും സാദയിലും യുഎസ് യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. എന്നാല്‍, ഈ ആക്രമണങ്ങള്‍ക്കൊന്നും ഗസയ്ക്കുള്ള പിന്തുണയെ ഇല്ലാതാക്കാനാവില്ലെന്ന് ഹൂത്തികളുടെ നേതാവായ അബ്ദുല്‍ മാലിക് ബദറുദ്ദീന്‍ അല്‍ ഹൂത്തി ഈദ് സന്ദേശത്തില്‍ പറഞ്ഞു.

Similar News