ബാലുശ്ശേരി: കിനാലൂര്‍ മങ്കയം എറമ്പറ്റ മലയില്‍ വന്‍ തീപിടിത്തം; 30 ഏക്കറോളം സ്ഥലം കത്തിനശിച്ചു. തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് മങ്കയം റോഡോരത്തായുള്ള എറമ്പറ്റ ഭാഗത്തെ ഉണങ്ങിയ വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ അടിക്കാടുകള്‍ക്ക് തീപിടിച്ചത്.
മണിക്കൂറുകള്‍കൊണ്ട് എറമ്പറ്റ മലയിലേക്ക് തീ പടരുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നരിക്കുനിയില്‍ നിന്നും രണ്ടു യൂനിറ്റ് അഗ്‌നിരക്ഷ സേന സ്ഥലത്തെത്തിയെങ്കിലും മലയിലേക്ക് പടര്‍ന്ന തീയണക്കാന്‍ സാധിച്ചിരുന്നില്ല. താഴെയുള്ള ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാനുള്ള രക്ഷാശ്രമങ്ങള്‍ നാട്ടുകാരും അഗ്‌നിരക്ഷ സേന സംഘവുംചേര്‍ന്ന് നടത്തിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. മലയിലേക്ക് പടര്‍ന്ന തീ തെയ്യത്തുംപാറ ഭാഗംവരെ പടര്‍ന്നുപിടിച്ചിരുന്നു.
പുലര്‍ച്ച പടര്‍ന്നുപിടിച്ച തീ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ രണ്ട് യൂനിറ്റ് അഗ്‌നിരക്ഷ സേന സംഘം വീണ്ടുമെത്തിയാണ് പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞത്. സീനിയര്‍ ഫയര്‍ ഓഫിസര്‍ വി വിജയന്റെ നേതൃത്വത്തില്‍ ജിനു കുമാര്‍, എംവി അരുണ്‍, അഭിഷേക്, ബിപുല്‍ സത്യന്‍, അഭീഷ്, കെസി ചന്ദ്രന്‍, സൂരജ്, വേണു, ടി സജിത് കുമാര്‍, മുരളീധരന്‍, രജില്‍, രത്‌നന്‍ എന്നിവര്‍ തീയണക്കാന്‍ നേതൃത്വം നല്‍കി.
കഴിഞ്ഞ ആഴ്ച കിനാലൂര്‍ ഉഷ സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിനടുത്തുള്ള രണ്ട് ഏക്രയോളം സ്ഥലത്തും കൈതച്ചാല്‍ ഭാഗത്തും അടിക്കാടുകള്‍ കത്തിച്ചാമ്പലായിട്ടുണ്ട്. എല്ലാ വര്‍ഷവും ഇതേ ഭാഗത്തുള്ള സ്വകാര്യ ഭൂമിയിലാണ് തീ പടരുന്നത്. ഇവിടെ ഭൂമി കൈവശമുള്ളവര്‍ മിക്കവരും പുറത്തുള്ളവരാണ്.
രാത്രികാലത്ത് അടിക്കാടിനു തീ കൊടുത്താല്‍ പകലാകുമ്പോഴേക്കും സ്ഥലം വൃത്തിയാക്കിട്ടുമെന്ന ധാരണയില്‍ ആളെ നിയോഗിച്ച് കാടിന് കരുതിക്കൂട്ടി തീ കൊടുക്കുന്നതാണെന്ന ആരോപണവുമുണ്ട്. ബാലുശ്ശേരി, പനങ്ങാട്, തലയാട് മേഖലയില്‍ ഇടക്കിടെയുണ്ടാകുന്ന തീ കെടുത്താന്‍ നരിക്കുനിയില്‍ നിന്നുവേണം അഗ്‌നിരക്ഷ സേനയെത്താന്‍. നരിക്കുനിയില്‍നിന്നോ പേരാമ്പ്രയില്‍നിന്നോ അഗ്‌നിരക്ഷ സേന എത്തുമ്പോഴേക്കും തീ പടര്‍ന്ന് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ടാകും.