ലണ്ടന്‍: ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന് നേരേ വീണ്ടും ചീമുട്ടയേറ്. സംഭവത്തില്‍ 20 വയസ്സുകാരനെ യുകെ പോലിസ് അറസ്റ്റ് ചെയ്തു. ലണ്ടനില്‍നിന്ന് 30 മൈല്‍ മാറി വടക്ക് ലൂട്ടണിലെ ടൗണ്‍ ഹാളിന് പുറത്താണ് സംഭവം. ചൊവ്വാഴ്ച ചാള്‍സ് രാജാവ് നടക്കാനിറങ്ങിയ സമയത്താണ് സംഭവം നടന്നതെന്ന് ബെഡ്‌ഫോര്‍ഡ്ഷയര്‍ പോലിസിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു. സെന്റ് ജോര്‍ജ് സ്‌ക്വയറില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന് ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ പോലിസ് പറഞ്ഞു.
ആള്‍ക്കൂട്ടത്തില്‍ നിന്നും യുവാവ് മുട്ടയെറിയുകയായിരുന്നു. ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചാള്‍സ് രാജാവിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. പിന്നീട് അദ്ദേഹം തിരിച്ചെത്തി പൊതുജനങ്ങളുമായി ഹസ്തദാനം നടത്തുകയും ചെയ്തു. ആള്‍ക്കൂട്ടത്തില്‍ നിന്നും മുട്ടയെറിഞ്ഞതിനെത്തുടര്‍ന്ന് രാജാവിന്റെ സുരക്ഷാസംഘം യുവാവിനെ അവിടെ നിന്നും മാറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. ഒരുമാസം മുമ്പ് വടക്കന്‍ ഇംഗ്ലണ്ടില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ചാള്‍സ് രാജാവിനും അദ്ദേഹത്തിന്റെ ഭാര്യ കാമില രാജ്ഞിക്കും നേരേ ചീമുട്ടയേറ് നടന്നിരുന്നു. സംഭവത്തില്‍ 23കാരനായ വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.