വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി; തിരുവനന്തപുരത്ത് യുവാവ് പിടിയിൽ

Update: 2024-06-20 09:36 GMT

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ വീട്ടില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികളുമായി യുവാവിനെ പിടികൂടി. പനവൂര്‍ കരിക്കുഴി മാന്‍കുഴിയില്‍ താമസിക്കുന്ന മുഹമ്മദ് ഷെഹീന്‍(23) ആണ് പിടിയിലായത്. ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് പോളിത്തീന്‍ കവറില്‍ നട്ടുവളര്‍ത്തിയ അഞ്ച് കഞ്ചാവ് ചെടികളും കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ചില ഉപകരണങ്ങളും പിടിച്ചെടുത്തു. രണ്ടുമാസമായി ഷെഹീന്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസം. അയല്‍ക്കാരുമായോ നാട്ടുകാരുമായോ ബന്ധമുണ്ടായിരുന്നില്ല. രാത്രികാലങ്ങളില്‍ നിരവധി യുവാക്കള്‍ ഇയാളുടെ വീട്ടില്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പോലിസില്‍ അറിയിച്ചു. തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ജില്ലാപോലിസ് മേധാവി കിരണ്‍നാരായണിന്റെ നിര്‍ദേശപ്രകാരം ഡാന്‍സാഫ് സംഘം രഹസ്യമായി അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് യുവാവിന്റെ വീട്ടില്‍ യുവാക്കള്‍ ഒത്തുകൂടി ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് നെടുമങ്ങാട് പോലിസും ഡാന്‍സാഫ് സംഘം സംയുക്തമായി വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടികളും കണ്ടെടുക്കുകയായിരുന്നു. എക്‌സൈസ് സംഘമെത്തി പിടിച്ചെടുത്തത് കഞ്ചാവ് ചെടിയാണെന്ന് സ്ഥിരീകരിച്ചശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ ബൈക്കില്‍ കഞ്ചാവുമായി യാത്ര ചെയ്യുന്നതിനിടെയും പോലിസിന്റെ പിടിയിലായിട്ടുണ്ട്.

Tags:    

Similar News