ഹൈടെക് ക്ലാസ്മുറികൾ ആകർഷകമാക്കാൻ ഇനി 'കൈറ്റ് ബോർഡും'

Update: 2022-10-01 10:30 GMT

തിരുവനന്തപുരം: ഹൈടെക് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസുകൾ ഫലപ്രദമാക്കാനും അധ്യാപകന് ആയാസരഹിതമായി വിവിധ ഐസിടി സൗകര്യങ്ങൾ ഉപയോഗിക്കാനും കഴിയുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ 'കൈറ്റ് ബോർഡ്' ആപ്ലിക്കേഷൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇന്ററാക്ടീവ് ബോർഡ് പോലെയുള്ള വിലകൂടിയ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക ഹാർഡ്‌വെയറുകൾ ഒന്നും ആവശ്യമില്ലാതെ തന്നെ സ്‌കൂളുകളിലേക്ക് കൈറ്റ് നൽകിയ ഓപറേറ്റിംഗ് സിസ്റ്റം സ്യൂട്ടിന്റെ കൂടെ ഉപയോഗിക്കാൻ കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ആപ്ലിക്കേഷനാണ് 'കൈറ്റ് ബോർഡ് '.

ഒരു ബ്ലാക്‌ബോർഡ് ഉപയോഗിക്കുന്നത് പോലെ ലാപ്‌ടോപ്പുപയോഗിച്ച് എഴുതാനും ടൈപ്പ് ചെയ്യാനും അത് സ്‌കൂളുകളിലെ പ്രൊജക്ടറുകളിലുൾപ്പെടെ പ്രദർശിപ്പിക്കാനും 'കൈറ്റ് ബോർഡ് ' വഴി സാധിക്കും. 'സമഗ്ര' റിസോഴ്‌സ് പോർട്ടലിൽ നിന്നുള്ള വീഡിയോ – ചിത്രം – പ്രസന്റേഷൻ തുടങ്ങിയ റിസോഴ്‌സുകൾ 'കൈറ്റ് ബോർഡി'ൽ നേരത്തെ ഉൾപ്പെടുത്തിവെക്കാനും ഇവ ആവശ്യാനുസരണം ഓൺലൈനായും /ഓഫ്‌ലൈനായും ക്ലാസുകളിൽ ഉപയോഗപ്പെടുത്താനും ഇതുവഴി കഴിയും. വീക്കീപീഡിയ പോലെയുള്ള ഓൺലൈൻ റിസോഴ്‌സുകളും ഉൾപെടുത്താമെന്നതാണ് 'കൈറ്റ് ബോർഡി'ന്റെ മറ്റൊരു പ്രത്യേകത. സ്വതന്ത്ര സോഫ്റ്റ്‌വെയർ മാത്രം ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ വിപ്ലവം സാധ്യമാക്കിയ കേരളത്തിന്റെ ഏറ്റവും പുതിയ സംഭാവനയായ കൈറ്റ് ബോർഡ് ഉല്ലാസകരമായ പുതിയ പഠനാന്തരീക്ഷം ക്ലാസ്മുറികളിൽ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

ക്ലാസ്മുറിയിൽ അധ്യാപകൻ ബോർഡിലെഴുതുന്ന കാര്യങ്ങൾ പിഡിഎഫ് രൂപത്തിൽ സൂക്ഷിക്കാൻ കഴിയുന്നതിനാൽ ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികൾക്കും ഇത് വളരെ പ്രയോജനം ചെയ്യും. ബോർഡിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ സ്‌ക്രീൻ റെക്കോഡ് സംവിധാനമുപയോഗിച്ച് റെക്കോഡ് ചെയ്തും ക്ലാസിൽ പങ്കെടുക്കാത്തവർക്കായി ഉപയോഗിക്കാം. ശാസ്ത്രപരീക്ഷണങ്ങൾ പോലുള്ള ക്ലാസ്‌റൂം പ്രവർത്തനങ്ങൾ ലാപ്‌ടോപ്പ് ക്യാമറ ഉപയോഗിച്ച് കൈറ്റ്‌ബോഡിലൂടെ പ്രദർശിപ്പിക്കാം. ഇക്യൂബ് ഇ-ലാംഗ്വേജ് ലാബിന്റെ അതേ മാതൃകയിൽ മുഴുവൻ സ്‌കൂളുകളിലെയും ലാപ്‌ടോപ്പുകളിൽ ഒക്ടോബർ മാസത്തോടെതന്നെ കൈറ്റ്‌ബോർഡ് ലഭ്യമാക്കാൻ കൈറ്റ് സംവിധാനമേർപ്പെടുത്തിയിട്ടുണ്ടെന്ന് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. കൈറ്റും എസ്എസ്‌കെയും ഒക്ടോബർ മാസം മുതൽ സ്‌കൂൾ ഐടി കോ-ഓർഡിനേറ്റർമാർക്ക് നൽകുന്ന 'ടെക്കി ടീച്ചർ' റസിഡൻഷ്യൽ ഐടി പരിശീലനത്തിന്റെ ഭാഗമായി സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തും.

Tags:    

Similar News