കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ദീപു ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്
കിഴക്കമ്പലം:ട്വന്റി ട്വന്റി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കൊലപാതകശ്രമത്തിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി കെ ദീപുവിനാണ് ക്രൂരമര്‍ദ്ദനമേറ്റത്.കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ മര്‍ദിച്ചത്. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് ദീപുവിനെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.
ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന് കെഎസ്ഇബി തടസ്സം നിന്നത് എംഎല്‍എയും സര്‍ക്കാരും കാരണമാണെന്ന് ചൂണ്ടിക്കാട്ടി വീടുകളില്‍ 15 മിനിറ്റ് വിളക്കണച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടില്‍ പ്രതിഷേധ സമരത്തില്‍ പങ്കാളിയായി. ഇതിനിടെ സിപിഎം പ്രവര്‍ത്തകരായ ഒരുപറ്റം ആളുകള്‍ ദീപുവിനെ മര്‍ദിച്ചുവെന്നാണ് പരാതി. അവശനിലയിലായ ഇയാളെ വാര്‍ഡ് മെമ്പറും സമീപവാസികളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.