കൊച്ചി സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം തീപിടിത്തം

Update: 2024-12-01 00:47 GMT

കൊച്ചി: സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ ആക്രി ഗോഡൗണില്‍ തീപിടിത്തം. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഗോഡൗണില്‍ തീപിടുത്തമുണ്ടായത്. തീപിടിത്തത്തില്‍ ഗോഡൗണിലെ 12 ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. ഇതേ തുടര്‍ന്ന് സൗത്ത് റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള, നിര്‍ത്തിവച്ച, ട്രെയിന്‍ ഗതാഗതം രണ്ട് മണിക്കൂറിനുശേഷം പുന:സ്ഥാപിച്ചു.

അഗ്‌നിബാധയെത്തുടര്‍ന്ന്, ഗോഡൗണിലുണ്ടായിരുന്ന 12 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി അധികൃതര്‍ അറിയിച്ചു. ഗോഡൗണില്‍ അഗ്‌നിരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. വിവിധ ഫയര്‍ഫോഴ്‌സ് ഫോഴ്‌സ് യൂണിറ്റുകളും പോലീസുമെത്തി നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇവിടെയുണ്ടായിരുന്ന ഒമ്പത് തൊഴിലാളികളെയും രക്ഷപ്പെടുത്തി. സമീപ പ്രദേശങ്ങളിലുള്ള ആളുകളെ പെട്ടെന്ന് ഒഴിപ്പിക്കാനായത് മൂലം വന്‍ ദുരന്തമൊഴിവാക്കാനായി.


വലിയ രീതിയില്‍ തീപിടിക്കുന്ന നിരവധി വസ്തുക്കള്‍ ആക്രി ഗോഡൗണിലുണ്ടായിരുന്നു. സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണ് ഇത്. ഗോഡൗണിനു പിന്‍വശത്ത് നിന്നാണ് തീ പടര്‍ന്നതെന്ന് കൊച്ചി എസിപി രാജ്കുമാര്‍ പറഞ്ഞു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സമീപത്തെല്ലാം ജനവാസ മേഖലയുമായിരുന്നു. വനിതാ ഹോസ്റ്റല്‍, അപ്പാര്‍ട്‌മെന്റുകള്‍, വീടുകള്‍ എന്നിവയെല്ലാം സമീപത്തു തന്നെയായിരുന്നു.

നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് സംഭവം നടന്ന സ്ഥലത്തെത്തിയത്. സമീപത്തെ വൈദ്യുത ലൈനിലേക്കും തീപ്പടര്‍ന്നിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഇതിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം, നെടുമ്പാശേരിയില്‍ വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലില്‍ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന ഒരു കാര്‍ പൂര്‍ണമായും മൂന്നു കാറുകളും ബൈക്കുകയും ഭാഗികമായും കത്തിനശിച്ചു. ഹോട്ടല്‍ മുറിയില്‍ കുടുങ്ങിയ യുവതിയെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു.

Similar News